തദ്ദേശ തെരഞ്ഞെടുപ്പ്; സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് ഒക്ടോബര്‍ 6 മുതല്‍

Share to


Perinthalmanna Radio
Date: 22-09-2025

മലപ്പുറം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തെരഞ്ഞെടുപ്പിനുള്ള സംവരണ വാർഡുകളുടെ നറുക്കെടുപ്പ് ഒക്ടോബർ ആറ് മുതല്‍ 9 വരെ ജില്ലാ ആസ്ഥാനങ്ങളില്‍ നടക്കും.

സംവരണ വാർഡുകള്‍ നിശ്ചയിക്കുന്നതോടു കൂടി പ്രാദേശിക രാഷ്ട്രീയരംഗം ചൂടുപിടിക്കും. തദ്ദേശ സ്ഥാപനങ്ങളില്‍ 50 ശതമാനം വനിതാ സംവരണമാണ്. 23 വാർഡുള്ള തദ്ദേശ സ്ഥാപനത്തില്‍ 12 വാർഡും വനിതാ വാർഡുകളാകും. 50 ശതമാനത്തിലും അധികം വനിതാ സംവരണമാകും.

നിലവില്‍ സംവരണ വാർഡുകളായിരുന്നവയെ ഒഴിവാക്കി ശേഷിക്കുന്ന വാർഡുകളെ ഉള്‍പ്പെടുത്തി ആയിരിക്കും നറുക്കെടുപ്പ് നടത്തുക. വനിത, പട്ടികജാതി വനിത, പട്ടികവർഗ വനിത, പട്ടികജാതി, പട്ടികവർഗം എന്നീ ക്രമത്തില്‍ നറുക്കെടുത്താണ് സംവരണ വാർഡായി തീരുമാനിക്കുക. ഒരു വാർഡ് തുടർച്ചയായി ഏതെങ്കിലും ഒരു വിഭാഗത്തിനു തന്നെ സംവരണമായി വരുന്നത് തടയുകയെന്ന ഉദ്ദേശ്യത്തോടെയാണ് ഓരോ തെരഞ്ഞെടുപ്പിലും ആവർത്തനക്രമം പാലിച്ച്‌ നറുക്കെടുപ്പ് നടത്തുന്നത്.

വാർഡ് വിഭജനത്തില്‍ നിലവിലുള്ള സംവരണ വാർഡിൻ്റെ 50 ശതമാനത്തില്‍ കൂടുതല്‍ ജനസംഖ്യ ഉള്‍പ്പെടുത്തിയ വാർഡിനെ നിലവിലുള്ള സംവരണ വാർഡായി കണക്കാക്കും.

ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലെ സംവരണ വാർഡുകളുടെ നറുക്കെടുപ്പ് അതത് ജില്ലകളിലെ കലക്ടർമാരുടെ മേല്‍നോട്ടത്തിലായിരിക്കും നടക്കുക. എന്നാല്‍ നഗരസഭകളിലേത് നഗരസഭാകാര്യ വകുപ്പിലെ റീജ്യനല്‍ ജോയിന്റ് ഡയരക്ടർമാരുടെ നേതൃത്വത്തിലും കോർപറേഷനുകളിലേത് നഗരസഭാകാര്യ ഡയറക്ടറുടെ അധ്യക്ഷതയിലുമാകും നടക്കുക.

അതേസമയം, തദ്ദേശ വോട്ടർപട്ടിക പഠിച്ചുവരുകയാണ് രാഷ്ട്രീയ പാർട്ടികള്‍. ഓരോ വാർഡിലും അധികരിച്ച വോട്ടുകള്‍ സ്വന്തമാക്കാനുള്ള തന്ത്രങ്ങളും മെനയുന്നുണ്ട്. മുന്നണിയില്‍ കൂടുതല്‍ സീറ്റ് ആവശ്യപ്പെടണമെങ്കില്‍ അതത് വാർഡുകളില്‍ പാർട്ടിക്ക് സ്വന്തമാക്കാൻ കഴിയുന്ന വോട്ടർമാരുടെ കണക്കുകള്‍ വേണം. ചെറിയ വോട്ടുകള്‍ പോലും വിജയ പരാജയങ്ങളെ നിർണയിക്കും
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *