
Perinthalmanna Radio
Date: 25-09-2025
മങ്കട : ടാപ്പിങ് തൊഴിലാളി പുലിയെ കണ്ടതോടെ മങ്കടയും പരിസര പ്രദേശങ്ങളും വീണ്ടും പുലി ഭീതിയിൽ. ഒരു മാസത്തിനിടെ മൂന്നാം തവണയാണ് മങ്കടയ്ക്ക് സമീപപ്രദേശങ്ങളിലായി പുലിയെ കാണുന്നത്.
ഇന്നലെ പുലർച്ചെ ടാപ്പിങ്ങിനു പോയ തൊഴിലാളി പി.കെ.നഗറിൽ താമസിക്കുന്ന അനിൽ ആണു പുലിയെ കണ്ടത്. റബർ തോട്ടത്തിന് താഴെ ഭാഗത്തുള്ള വയലിലേക്ക് എന്തോ വീഴുന്ന ശബ്ദം കേട്ടാണ് നോക്കിയത്. പുലി ഓടിച്ച കുറുക്കൻ താഴെ വീഴുന്ന ശബ്ദം ആണ് അനിൽ കേട്ടത്. പാടവരമ്പത്ത് പുലി നിൽക്കുന്നതു കണ്ടെന്നും വെളിച്ചം കണ്ടപ്പോൾ പുലി ഓടിപ്പോയെന്നും അനിൽ പറഞ്ഞു. കൂട്ട പാലയ്ക്കു സമീപം കൂട്ടിൽ സ്വദേശി അബ്ദുല്ലയുടെ റബർ തോട്ടത്തിനു സമീപമാണ് പുലിയെ കണ്ടത്. മങ്കടയിൽ ചേരിയം ഭാഗത്ത് ഏതാനും ആഴ്ചകൾക്കു മുൻപ് 2 യുവാക്കൾ പുലിയെ കണ്ടിരുന്നു.
രണ്ടുദിവസം മുൻപ് 3 കിലോമീറ്റർ അകലെയുള്ള തിരൂർക്കാടിനു സമീപത്തുവച്ച് പള്ളിയിൽ പോവുകയായിരുന്ന വിദ്യാർഥി പുലിയെ കണ്ടിരുന്നു. ഓടി രക്ഷപ്പെടുന്നതിനിടെ ഈ വിദ്യാർഥിക്ക് കൈക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. തൊട്ടടുത്ത ദിവസം ഓട്ടോ യാത്രക്കാരനും മറ്റൊരു സ്ത്രീയും ഇതേ സ്ഥലത്തിനടുത്ത് പുലിയെ കണ്ടിരുന്നു.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
