അങ്ങാടിപ്പുറം അൽപാക്കുളം നവീകരിക്കാൻ 55 ലക്ഷം രൂപയുടെ പദ്ധതി

Share to


Perinthalmanna Radio
Date: 12-10-2025

പെരിന്തൽമണ്ണ:  ചരിത്രമുറങ്ങുന്ന അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് അൽപാക്കുളം നവീകരിക്കാൻ പദ്ധതിയുമായി പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത്. നിർമാണ ഉദ്ഘാടനം പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ.മുസ്തഫ നിർവഹിച്ചു. പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന പദ്ധതി പ്രകാരം 55 ലക്ഷം രൂപ ചെലവഴിച്ചാണ് കുളം പുനരുദ്ധരിക്കുക. അങ്ങാടിപ്പുറത്തെ പ്രധാന ജലസ്രോതസ്സുകൽ ഒന്നാണ് അൽപാക്കുളം. പിഎംകെഎസ്‌വൈ പദ്ധതിയുടെ അവസാന ഘട്ടത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായി ബാക്കി വരുന്ന വികസന ക്ഷേമ പ്രവൃത്തികൾ കൂടി അടുത്ത മൂന്നു മാസത്തിനകം പൂർത്തിയാകത്തക്ക വിധം പുരോഗമിക്കുകയാണെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. അങ്ങാടിപ്പുറം പഞ്ചായത്തിൽ ഇതിനകം 7 കോടിയോളം രൂപ പിഎംകെഎസ്‌വൈ പദ്ധതി പ്രകാരം പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് ചെലവഴിച്ചു കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. അങ്ങാടിപ്പുറത്തെ അൽപാക്കുളത്തോടൊപ്പം മണ്ണാറമ്പിലെ വേളക്കാട്ടുകുളം, വഴിപാറയിലെ ചീനിക്കൽ ചോലക്കുളം തുടങ്ങിയവ നവീകരിക്കുവാനും നടപടിയെടുക്കും. വിവിധ തോടുകളുടെ പാർശ്വഭിത്തി സംരക്ഷണം, ചെറിയ നീരരുവികൾ, പ്രധാനപ്പെട്ട പാടശേഖരങ്ങളിലെ തോടുകളോട് ചേർന്ന വരമ്പുകൾ എന്നിവ നാശോന്മുഖമായിക്കൊണ്ടിരിക്കുന്നത് സംരക്ഷിക്കുക, അതുവഴി ഏക്കറുകളോളം സ്ഥലത്ത് മഴ വെള്ളം കയറി കൃഷിയിറക്കാൻ കഴിയാതിരുന്ന സാഹചര്യം ഒഴിവാക്കുക എന്നതാണ് പ്രധാന ലക്ഷ്യമെന്നും സമാന രീതിയിൽ ഇതിനകം നടപ്പാക്കിയ എല്ലാ പ്രവൃത്തികളും നൂറുകണക്കിന് കർഷകർക്ക് ആശ്വാസകരമായതായും എ.കെ.മുസ്‌തഫ പറഞ്ഞു. ചടങ്ങിൽ അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് കെ.പി.സഇദ ആധ്യക്ഷ്യം വഹിച്ചു. അൽപാക്കുളം നവീകരണ പദ്ധതിയുമായി പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് മുന്നോട്ടു വന്നത് പ്രദേശവാസികൾക്ക് ഏറെ പ്രതീക്ഷ നൽകുന്ന കാര്യമാണെന്ന് അങ്ങാടിപ്പുറം പഞ്ചായത്ത്‌ പ്രസിഡന്റ് കെ.പി.സഈദ പറഞ്ഞു.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *