
Perinthalmanna Radio
Date: 13-10-2025
പെരിന്തൽമണ്ണ ∙ കാറിന്റെ ബോണറ്റിനുള്ളിൽ മണിക്കൂറുകളോളം കുടുങ്ങിക്കിടന്ന പൂച്ചയെ രക്ഷിച്ച് അഗ്നിരക്ഷാ സേന. യൂത്ത് കോൺഗ്രസ് ജില്ലാ ഭാരവാഹിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ ഒറ്റപ്പാലത്തുനിന്ന് നിലമ്പൂരിലേക്കു പോകുകയായിരുന്ന ഒറ്റപ്പാലം സ്വദേശികളായ അഭിരാമും ആഷിഖും. ഡിസിസി ജനറൽ സെക്രട്ടറി ഇ.പി.രാജീവിനെ കൂടെ കൂട്ടുന്നതിനുവേണ്ടി പെരിന്തൽമണ്ണയിൽ എത്തിയപ്പോഴാണ് കാറിനകത്തുനിന്ന് അസ്വാഭാവിക ശബ്ദം ശ്രദ്ധിക്കുന്നത്. കാർ നിർത്തി നടത്തിയ പരിശോധനയിലാണ് ബോണറ്റിൽ കുടുങ്ങിയ പൂച്ചയെ കണ്ടെത്തിയത്.
തുടർന്ന് പെരിന്തൽമണ്ണ അഗ്നിരക്ഷാസേനാ നിലയത്തിൽ വിവരം അറിയിച്ചു. ഉടൻതന്നെ സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേനാംഗങ്ങൾ പൂച്ചയെ രക്ഷപ്പെടുത്തി. എൻജിന്റെ ഭാഗങ്ങൾക്കിടയിൽ ഞെരുങ്ങിക്കിടന്നിരുന്ന പൂച്ചയെ വളരെ ശ്രദ്ധയോടെയാണ് പരുക്കേൽക്കാതെ രക്ഷപ്പെടുത്തിയത്.
എൻജിന്റെ ചൂടേറ്റ് കിലോമീറ്ററുകൾ ബോണറ്റിനുള്ളിൽ കുടുങ്ങിക്കിടന്നെങ്കിലും പൂച്ച പരുക്കേൽക്കാതെ രക്ഷപ്പെട്ടു. എവിടെവച്ചാണ് പൂച്ച ബോണറ്റിനുള്ളിൽ കയറിയതെന്നു വ്യക്തമല്ല. അഗ്നിരക്ഷാ സേന പെരിന്തൽമണ്ണ സ്റ്റേഷൻ ഓഫിസർ ബാബുരാജ്, അസി. സ്റ്റേഷൻ ഓഫിസർ നാസർ, സീനിയർ എസ്എഫ്.ആർഒ എസ്.അനി, എന്നിവരാണ് രക്ഷാ പ്രവർത്തനം നടത്തിയത്.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
