
Perinthalmanna Radio
Date: 15-10-2025
മങ്കട : മേലെ ജങ്ഷനിൽ ജല വിതരണ പൈപ്പ് പൊട്ടി പതിവായി റോഡ് തകരുന്ന സ്ഥലത്ത് ഇരുമ്പ് പൈപ്പ് സ്ഥാപിച്ചിട്ടും രക്ഷയില്ല. വീണ്ടും പൈപ്പ് പൊട്ടി.
മേലെ അങ്ങാടിയിൽ സ്ഥിരമായി ജല വിതരണ പൈപ്പ് പൊട്ടി റോഡ് തകരുന്നത് ഒഴിവാക്കാൻ പിവിസി പൈപ്പ് മാറ്റി പകരം ഇരുമ്പ് പൈപ്പായിരുന്നു സ്ഥാപിച്ചത്. റോഡിന് അടിയിലൂടെ കടന്നു പോകുന്ന കുടിവെള്ള പൈപ്പുകൾ ഇടക്കിടെ പൊട്ടുന്നത് ഒഴിവാക്കാനാണ് ഇത് ചെയ്തത്. എന്നാൽ അശാസ്ത്രീയമായ അറ്റകുറ്റപ്പണി കാരണം ചൊവ്വാഴ്ച രാവിലെയോടെ വീണ്ടും പൈപ്പ് പൊട്ടി. പൈപ്പ് സ്ഥാപിച്ച് മുകളിൽ ഉറപ്പുള്ള കോൺക്രീറ്റ് സ്ലാബുകൾ സ്ഥാപിക്കണമെന്നായിരുന്നു ആവശ്യം.
എന്നാൽ ഇത് വകവെക്കാതെ ചെറിയ രീതിയിൽ കോൺക്രീറ്റ് ചെയ്തതാണ് വിനയായത്. ഭാരമുള്ള വാഹനങ്ങൾ പോയപ്പോൾ മർദ്ദംകൂടി പൈപ്പ് തകരുകയായിരുന്നു.
രണ്ടു വർഷത്തോളമായി മേലെ ജങ്ഷനിൽ മലപ്പുറം റോഡ് തിരിയുന്ന ഭാഗത്ത് റോഡ് തകർന്നു കിടക്കുകയാണ്. ഇടയ്ക്ക് അറ്റകുറ്റപ്പണികൾ നടത്തി റോഡ് ശരിയാക്കാറുണ്ടെങ്കിലും വലിയ വാഹനങ്ങൾ പോകുമ്പോൾ റോഡ് അമർന്ന് വീണ്ടും പൈപ്പ് പൊട്ടുക പതിവാണ്.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
