
Perinthalmanna Radio
Date: 19-10-2025
പെരിന്തൽമണ്ണ: മഹാകവി പൂന്താനത്തിന് അദ്ദേഹത്തിന്റെ ജന്മ നാടായ കീഴാറ്റൂരിൽ സംസ്ഥാന സർക്കാർ ടൂറിസം വകുപ്പിന്റെ കീഴിൽ നിർമിച്ച പൂന്താനം സാംസ്കാരിക നിലയം നാളെ നാടിനു സമർപ്പിക്കും. രാവിലെ11ന് മന്ത്രി പി.എ.മുഹമ്മദ്റിയാസ് ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ യു.എ.ലത്തീഫ് എംഎൽഎ ആധ്യക്ഷ്യം വഹിക്കും.പി.അബ്ദുൽ ഹമീദ് എംഎൽഎ, എ.പി.അനിൽകുമാർ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ.റഫീക്ക, പി. ശ്രീരാമകൃഷ്ണൻ, വി.ശശികുമാർ, എം.ഉമ്മർ എന്നിവർ പ്രസംഗിക്കും.
പൂന്താനം സ്മാരക സമിതി കീഴാറ്റൂരിന്റെ ഹൃദയ ഭാഗത്ത് സർക്കാരിനു വിട്ടുകൊടുത്ത 50സെന്റ് സ്ഥലത്താണ് സാംസ്കാരിക നിലയം നിർമിച്ചിട്ടുള്ളത്. സാംസ്കാരികനിലയം തുറക്കുന്നതിന്റെ ഭാഗമായി ഒരു ദിവസം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്.
രാവിലെ 9ന് വിവിധ സംഘങ്ങളുടെ തിരുവാതിരക്കളിയോടെയാണ് തുടക്കം. പൂന്താനം സ്മാരക സമിതി പുന:പ്രസിദ്ധീകരിച്ച ജ്ഞാനപ്പാന, സന്താന ഗോപാലം എന്നീ കൃതികൾ എസ്പിസി എസ് പ്രസിഡന്റ് പി. കെ.ഹരികുമാർ പ്രകാശനം ചെയ്യും. ഉച്ചയ്ക്ക് ശേഷം3ന് കവി സമ്മേളനം സി.രാവുണ്ണി ഉദ്ഘാടനം ചെയ്യും. എം.എം.സചീന്ദ്രൻ ആധ്യക്ഷ്യം വഹിക്കും. ബിന്ദു ദേവരാജ് രചിച്ച “കാണാക്കിനാവുകൾ” എന്ന പുസ്തകത്തിന്റെ പ്രകാശനവും നടക്കും. 45 കവികൾ സ്വന്തം കവിത അവതരിപ്പിക്കും.വൈകിട്ട് 6.30ന് വിവിധ കലാപരിപാടികളും വള്ളുവനാട് ബ്രഹ്മ അവതരിപ്പിക്കുന്ന “പകലിൽ മറഞ്ഞിരുന്നൊരാൾ” എന്ന നാടകവും അരങ്ങേറുമെന്ന് പൂന്താനം സ്മാരക സമിതി പ്രസിഡന്റ് മാങ്ങോട്ടിൽ ബാലകൃഷ്ണൻ, സെക്രട്ടറി വി.ജ്യോതിഷ്, മറ്റു ഭാരവാഹികളായ കീഴാറ്റൂർ അനിയൻ, പി. നാരായണനുണ്ണി, കെ.ടി. മുഹമ്മദാലി, പി. വേണുഗോപാൽ, എൻ. നിതീഷ്, പാറമ്മൽ കുഞ്ഞിപ്പ എന്നിവർ പറഞ്ഞു.
………………………………………..
https://chat.whatsapp.com/DTmqFQ9ysq78lvjIoR2yuX?mode=r_c
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
