
Perinthalmanna Radio
Date: 24-10-2025
ഡ്രൈവിങ് ലൈസൻസിനായുള്ള റോഡ് ഡ്രൈവിങ് ടെസ്റ്റ് കുടുതൽ കർശനമാക്കാൻ മോട്ടർ വാഹന വകുപ്പ്. കാൽനടയാത്രക്കാരുടെ സുരക്ഷയിലും റോഡ് അരികിലെ പാർക്കിങ്ങിലും പ്രത്യേക ശ്രദ്ധ നൽകണമെന്ന് എല്ലാ ആർടിഒകൾക്കും നിർദ്ദേശം നൽകിയിരിക്കുകയാണ് ട്രാൻസ്പോർട്ട് കമ്മീഷണർ.
മോട്ടർ ഡ്രൈവിങ് സ്കൂളുകൾ മേൽപ്പറഞ്ഞ കാര്യങ്ങളിൽ പരിശീലനം നൽകുന്നുണ്ടോ എന്ന് ഉറപ്പാക്കാൻ മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ നിരന്തരം മിന്നൽ പരിശോധനകൾ നടത്തുന്നുണ്ടെന്ന് ഉറപ്പാക്കണെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിൽ വീഴ്ച്ച വരുത്തുന്ന ഡ്രൈവിങ് ഇൻസ്ട്രക്ടർമാരുടെ ലൈസൻസ് താൽക്കാലികമായി റദ്ദാക്കണമെന്നും അംഗീകൃത റിഫ്രഷർ ട്രെയിനിങ്ങിന് നിർബന്ധിതമായും പങ്കെടുക്കണമെന്നും നിർദ്ദേശമുണ്ട്.
റോഡ് മുറിച്ചു കടക്കുമ്പോഴും റോഡരികിലൂടെ പോകുമ്പോഴും കാൽനടയാത്രക്കാർക്ക് നിരവധി അപകടങ്ങളാണ് സംഭവിക്കുന്നത്. കാൽനടയാത്രക്കാരുടെ മരണങ്ങളെക്കുറിച്ച് ഹൈക്കോടതിയും ആശങ്ക ഉയർത്തിയിരുന്നു. ഇതേ തുടർന്നു കൂടിയാണ് ഡ്രൈവിങ് ടെസ്റ്റ് കർശനമാക്കുന്നത്. കാൽനടയാത്രികർക്ക് അപകടങ്ങളുണ്ടാക്കുന്ന മറ്റൊരു പ്രധാന പ്രശ്നം തടസ്സമുണ്ടാക്കിക്കൊണ്ടുള്ള പാർക്കിങ്ങാണ്. നടപ്പാതകളിൽ വാഹനങ്ങൾ തടസ്സമുണ്ടാക്കി പാർക്ക് ചെയ്യുന്നത് കാരണം കാൽനടയാത്രക്കാർ റോഡിലൂടെ നടക്കാൻ നിർബന്ധിതരാകുന്നുണ്ട്.
കൂടാതെ കാൽനടക്കാർക്ക് ഇടം നൽകാതെയും മറ്റ് ഡ്രൈവർമാരുടെ കാഴ്ച മറച്ചുമാണ് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. ഇത്തരത്തിലുള്ള പാർക്കിങ് സുഗമമായ യാത്രയ്ക്ക് തടസ്സം സൃഷ്ടിക്കുകയും ഗതാഗതക്കുരുക്കിനു കാരണമാകുകയു ചെയ്യുന്നു. കൂടാതെ മുതിർന്ന പൗരന്മാർ, കുട്ടികൾ, ഭിന്നശേഷിക്കാർ എന്നിവരുടെ സഞ്ചാര സ്വാതന്ത്യത്തെ ഹനിക്കുകയും ചെയ്യുന്നു.
കാൽനടയാത്രക്കാർ, സൈക്കിൾ യാത്രികർ, ഇരുചക്രവാഹന യാത്രികർ എന്നിവർ അപകടസാധ്യതയുള്ള റോഡ് ഉപയോക്താക്കൾ (Vulnerable Road Users – VRUs) എന്ന വിഭാഗത്തിലാണ് പെടുന്നത്, ഇവർക്കാണ് എല്ലാ റോഡുകളിലും മുൻഗണന.
ഓട്ടോറിക്ഷകൾ, കാറുകൾ, ചരക്ക് വാഹനങ്ങൾ, ഭാരവാഹനങ്ങൾ എന്നിവ എല്ലായ്പ്പോഴും കാൽനടയാത്രക്കാർ, സൈക്കിൾ യാത്രികർ, ഇരുചക്രവാഹന യാത്രികർ എന്നിവരുടെ സുരക്ഷയെയും സൗകര്യത്തെയും മാനിക്കണം. അവരുടെ ചലനങ്ങൾ മുൻകൂട്ടി കണ്ട് റോഡുകളിൽ ജാഗ്രതയോടെ വാഹനമോടിക്കണം. ഈ മൂന്ന് വിഭാഗത്തിലും പെടുന്ന യാത്രക്കാരെ ഹോൺ മുഴക്കി ഭയപ്പെടുത്താൻ ശ്രമിക്കരുത്. പകരം അടിയന്തിര സാഹചര്യങ്ങളിൽ മാത്രം ഹോൺ ഉപയോഗിക്കണം. നിയമപ്രകാരം പതിവായുള്ള ഹോൺ ഉപയോഗം ശിക്ഷാർഹമാണ്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/DTmqFQ9ysq78lvjIoR2yuX?mode=r_c
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
