
Perinthalmanna Radio
Date: 27-10-2025
മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചപ്പോൾ ജില്ലയിൽ ആകെ 35,74,802 വോട്ടർമാർ. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിനെക്കാൾ 2,20,155 വോട്ടർമാർ ഇത്തവണ കൂടുതലുണ്ട്. കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ച കരടുപട്ടികയെ അപേക്ഷിച്ച് 24,643 പേർ അന്തിമ പട്ടികയിൽ കൂടുതലുണ്ട്. കരടുപട്ടികയിൽ 72,031 പേരെ കൂടുതൽ ഉൾപ്പെടുത്തിയപ്പോൾ 47,388 പേരെ ഒഴിവാക്കി. തദ്ദേശ സ്ഥാപനങ്ങളുടെ അതിർത്തി പുനർ നിർണയിച്ചതിനു ശേഷം നടക്കുന്ന ആദ്യത്തെ തിരഞ്ഞെടുപ്പിനുള്ള അന്തിമ പട്ടികയാണ് പുറത്തുവന്നത്. കരടുപട്ടികയിൽ 287 ആയിരുന്ന പ്രവാസി വോട്ടർമാരുടെ എണ്ണം 447 ആയി. ഏറ്റവും കൂടുതൽ വോട്ടർമാരുള്ള പഞ്ചായത്ത് അങ്ങാടിപ്പുറവും കുറവ് മക്കരപ്പറമ്പുമാണ്.
ജില്ലയിൽ ജനവിധി തീരുമാനിക്കുന്നതിൽ സ്ത്രീകൾക്കു നിർണായക റോളുണ്ടാകും. വോട്ടർ പട്ടികയിൽ സ്ത്രീകൾക്കു പുരുഷന്മാരെക്കാൾ 1,30,553 പേരുടെ ലീഡുണ്ട്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ടർ പട്ടികയിൽ പുരുഷന്മാരെക്കാൾ 94,300 സ്ത്രീ വോട്ടർമാരുണ്ടായിരുന്നു. സ്ത്രീ വോട്ടർമാരും പുരുഷ വോട്ടർമാരും തമ്മിലുള്ള അന്തരം പുതിയ പട്ടികയിൽ വർധിച്ചു
ജില്ലയിലെ 21 പഞ്ചായത്തുകളിലും 3 നഗരസഭകളിലും ഒരു പ്രവാസി വോട്ടർ പോലും റജിസ്റ്റർ ചെയ്തിട്ടില്ല. പെരിന്തൽമണ്ണ, മഞ്ചേരി, കൊണ്ടോട്ടി നഗരസഭകളിലാണ് പ്രവാസി വോട്ടർമാരില്ലാത്തത്. ഏറ്റവും കൂടുതൽ പ്രവാസി വോട്ടർമാരുള്ള തദ്ദേശ സ്ഥാപനം കോട്ടയ്ക്കൽ നഗരസഭയാണ്– 37 പേർ. പഞ്ചായത്തുകളിൽ ആതവനാട് (27), എടയൂർ (26), പൊന്മുണ്ടം ( 19), ഒഴൂർ (18) എന്നിവയാണ് മുന്നിൽ. ജില്ലയിലാകെ റജിസ്റ്റർ ചെയ്ത പ്രവാസി വോട്ടർമാർ 447.
(ബ്രാക്കറ്റിൽ 2020 തദ്ദേശം)
ആകെ വോട്ടർമാർ : 3574802 (3354646)
പുരുഷന്മാർ : 1722100(1629149)
സ്ത്രീകൾ : 1852653 (1725449)
ഭിന്നലിംഗം : 49(48)
പ്രവാസികൾ :447 (287)
ഇത്തവണ കൂടുതൽ : 220155
∙കൂടുതൽ വോട്ടർമാരുള്ള 5 പഞ്ചായത്തുകൾ
അങ്ങാടിപ്പുറം : 49856
മുന്നിയൂർ : 47843
പാണ്ടിക്കാട് : 47039
തൃക്കലങ്ങോട് : 46866
ആനക്കയം : 43257
∙ കുറവ്
മക്കരപ്പറമ്പ് : 16634
ചാലിയാർ : 17012
എടപ്പറ്റ : 20270
കരുളായി : 20328
മൂത്തേടം : 21498
∙ നഗരസഭ
കൂടുതൽ
മഞ്ചേരി : 82033
പൊന്നാനി :69455
മലപ്പുറം :57467
കുറവ്
വളാഞ്ചേരി :33710
നിലമ്പൂർ :38012
കോട്ടയ്ക്കൽ :40222
(ബ്രാക്കറ്റിൽ പുനർനിർണയത്തിനു മുൻപ്)
ആകെ പഞ്ചായത്ത് വാർഡുകൾ : 2001 (1778)
നഗരസഭ : 505 (479)
ബ്ലോക്ക് പഞ്ചായത്ത് : 254 (223)
ജില്ലാ പഞ്ചായത്ത് : 33 (32)
———————-
