
Perinthalmanna Radio
Date: 13-11-2025
കൊപ്പം: പാലക്കാട്- മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന തൂതപ്പുഴയ്ക്കു കുറുകെയുള്ള തിരുവേഗപ്പുറ പാലത്തിന്റെ തകർച്ച പരിഹരിക്കാൻ അടിയന്തിര നടപടി. 25 ലക്ഷം രൂപയുടെ പ്രവൃത്തികൾക്ക് ഭരണാനുമതിയായി. ഹൈവേ റിസർച്ച് ടീമിന്റെ പരിശോധനാ റിപ്പോർട്ട് ലഭ്യമാവുന്ന മുറയ്ക്ക് തുടർ നടപടികൾ ആരംഭിക്കാനാണ് പൊതു മരാമത്ത് പാലം വിഭാഗത്തിന്റെ തീരുമാനം. ഇക്കഴിഞ്ഞ ഒക്‌ടോബർ 31-നാണ് പാലത്തിന് മുകളിൽ വിള്ളൽ രൂപപ്പെട്ടത്. തുടർന്ന് എല്ലാ വലിയ വാഹനങ്ങൾക്കും പാലത്തിലൂടെയുള്ള ഗതാഗതം നിരോധിക്കുകയായിരുന്നു. പാലത്തിന്റെ തകർച്ചയുമായി ബന്ധപ്പെട്ട് ഹൈവേ റിസർച്ച് ടീമിന്റെ പരിശോധനയ്ക്ക് ശേഷം കഴിഞ്ഞ ഞായറാഴ്ച മുതൽ ചരക്കു ലോറികൾക്ക് മാത്രമായി നിയന്ത്രണം ഏർപ്പെടുത്തുകയായിരുന്നു. ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയുടെതായിരുന്നു തീരുമാനം. ഇതിന് പിന്നാലെയാണ് പാലത്തിന്റെ തകർച്ച പരിഹരിക്കാനുള്ള നടപടികളായത്. അടിയന്തിര പ്രാധാന്യം കണക്കിലെടുത്താണ് അറ്റകുറ്റ പണികൾക്കായി ഫണ്ട് ലഭ്യമാക്കിയിരിക്കുന്നത്. സ്ലാബ് തകർച്ച പരിഹരിക്കൽ ഉൾപ്പെടെയുള്ള പ്രവൃത്തികൾ നടപ്പാക്കും. ഹൈവേ റിസർച്ച് ടീമിന്റെ പരിശോധനാ റിപ്പോർട്ടിൽ പറയുന്ന മറ്റ് കാര്യങ്ങളും അടിയന്തിരമായി പരിഗണിക്കും. പരിശോധനാ റിപ്പോർട്ട് ഉടൻ ലഭ്യമാവുമെന്നാണ് പൊതുമരാമത്ത് പാലം വിഭാഗം അധികൃതർ അറിയിച്ചത്.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
