
Perinthalmanna Radio
Date: 17-11-2025
മേലാറ്റൂർ: വർഷങ്ങളായുള്ള കാത്തിരിപ്പിന് വിരാമമിട്ട് മേലാറ്റൂർ ഹൈസ്കൂൾപ്പടി- റെയിൽവേ സ്റ്റേഷൻ റോഡ് നവീകരണത്തിന് തുടക്കമായി. ആദ്യ ഘട്ടമായി ഹൈസ്കൂൾ പടിയിൽ നിന്ന് റെയിൽവേ സ്റ്റേഷനിലേക്കുള്ള റോഡിന്റെ 100 മീറ്റർ ദൂരം ആറു മീറ്ററോളം വീതിയിൽ കട്ടപതിച്ച് നവീകരിക്കുന്ന പ്രവൃത്തികൾക്കാണു തുടക്കമായത്. 2025-26 സാമ്പത്തിക വർഷത്തിൽ മേലാറ്റൂർ ഗ്രാമ പഞ്ചായത്ത് അനുവദിച്ച 6.40 ലക്ഷം രൂപ ചെലവിലാണ് പണി നടക്കുന്നത്. മേലാറ്റൂർ- കരുവാരക്കുണ്ട് മലയോര പാതയിൽ നിന്ന് റെയിൽവേ സ്റ്റേഷൻ റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗം കുണ്ടും കുഴിയും നിറഞ്ഞ് പാടെ തകർന്നു കിടക്കുകയായിരുന്നു. യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. മുന്നൂറ് മീറ്ററോളം ദൈർഘ്യമുള്ള റോഡിന്റെ ബാക്കി ഭാഗത്തിന്റെ നവീകരണം പിന്നീടു നടത്തും. പണി നടക്കുന്നതിനാൽ ഈ റോഡിലൂടെയുള ഗതാഗതം പൂർണമായും നിരോധിച്ചിട്ടുണ്ട്. റെയിൽവേ സ്റ്റേഷലേക്ക് എത്തുന്നതിനും തിരിച്ച് പോകുന്നതിനും വാഹനങ്ങൾ റെയിൽവേ ഗേറ്റിനു സമീപമുള റോഡ് ഉപയോഗിക്കണം.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
