വേങ്ങൂർ വളയപ്പുറത്ത് അടിപ്പാത നിർമ്മാണം; പാളത്തിനടിയിലെ മണ്ണ് നീക്കിത്തുടങ്ങി

Share to


Perinthalmanna Radio
Date: 19-11-2025

മേലാറ്റൂർ : ഷൊർണൂർ- നിലമ്പൂർ റെയിൽവേ പാതയിലെ വേങ്ങൂർ വളയപ്പുറത്ത് അടിപ്പാത നിർമിക്കുന്നതിന്റെ ഭാഗമായി പാളത്തിനടിയിലെ മണ്ണ് നീക്കിത്തുടങ്ങി. ഇതിനു മുന്നോടിയായി കഴിഞ്ഞദിവസം പാളത്തിനടിയിൽ ഗർഡർ സ്ഥാപിച്ച് പാളത്തിന്റെ സുരക്ഷ ഉറപ്പുവരുത്തിയിരുന്നു. ജെസിബി ഉൾപ്പെടെയുള്ള യന്ത്രസംവിധാനങ്ങൾ ഉപയോഗിച്ച് റെയിൽവേ ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലാണ് പണി നടക്കുന്നത്.

14 മീറ്റർ നീളത്തിലും നാലര മീറ്റർ വീതിയിലും നിർമിക്കുന്ന അടിപ്പാതയ്ക്ക് 3.60 മീറ്റർ ഉയരമാണുണ്ടാവുക. പാളത്തിനടിയിലെ മണ്ണ് നീക്കംചെയ്തതിനുശേഷം ആ ഭാഗത്തേക്ക്, സമീപത്തായി നേരത്തെ നിർമിച്ച കോൺക്രീറ്റ് ബ്ലോക്ക് നീക്കിവെക്കുകയാണ് ചെയ്യുക. അതിനുശേഷം അത് ഉറപ്പിക്കലും പാർശ്വഭിത്തി, പാളത്തിന് ഇരുവശത്തേക്കുമുള്ള അനുബന്ധറോഡ് എന്നിവയുടെ നിർമാണവും നടക്കും. റെയിൽവേ അനുവദിച്ച 2.2 കോടി രൂപ ചെലവിലാണ് അടിപ്പാത നിർമാണവും അനുബന്ധപണികളും നടക്കുന്നത്. രണ്ടുമാസത്തിനുള്ളിൽ അനുബന്ധറോഡിന്റെ ഉൾപ്പെടെയുള്ള എല്ലാ പണികളും പൂർത്തിയാകും.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *