അങ്ങാടിപ്പുറത്തെ പാടശേഖരങ്ങളിൽ മരുന്ന്തെളിച്ച് ഡ്രോണുകൾ

Share to


Perinthalmanna Radio
Date: 28-11-2025

അങ്ങാടിപ്പുറം : നെൽകൃഷിക്ക് പുത്തൻ ഉണർവേകിക്കൊണ്ട് അങ്ങാടിപ്പുറത്ത് ഡ്രോൺ ഇറങ്ങി. അങ്ങാടിപ്പുറം പഞ്ചായത്തിലെ വിവിധ പാടശേഖരങ്ങളിലായി 500 ഏക്കറോളം വരുന്ന പാടത്ത് വരും ദിവസങ്ങളിൽ ഡ്രോൺ ഉപയോഗിച്ച് ‘സമ്പൂർണ’ എന്ന മരുന്ന് തെളിക്കും. കൃഷിഭവന്റെയും വിവിധ പാട ശേഖരങ്ങളുടെയും നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെ സുസ്ഥിര നെൽകൃഷി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി സൗജന്യമായാണ് ‘സമ്പൂർണ’ എന്ന സൂക്ഷ്മമൂലകമിശ്രിതം നൽകുന്നത്. നെല്ലിന് കൂടുതൽ തൂക്കവും മികച്ച ഉത്‌പാദനക്ഷമതയും നൽകാൻ ഈ മിശ്രിതം സഹായിക്കുമെന്നാണ് പ്രതീക്ഷ.

കാർഷിക മേഖലയിൽ തൊഴിലാളികളുടെ ക്ഷാമം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ യന്ത്രവത്‌കരണം കർഷകർക്ക് വലിയ ആശ്വാസമാണ്. കുറഞ്ഞ സമയത്തിൽ കൃത്യതയോടെ വളപ്രയോഗം നടത്താനും ഡ്രോണുകൾ സഹായിക്കും.

മേലെ അരിപ്ര പാടശേഖരത്തിലാണ് ആദ്യമായി ഡ്രോണിലൂടെ ‘സമ്പൂർണ’ ഉപയോഗിച്ചത്. മേലെ അരിപ്ര പാടശേഖരം സെക്രട്ടറി ദാമോദരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസർ ഡാസൽ സേവിയർ പദ്ധതി വിശദീകരിച്ചു.
പനച്ചിങ്ങോതൊടി സക്കീർ ഹുസൈൻ, അയ്യപ്പൻ, ഇല്ലത്ത്ചാള ഷണ്മുഖൻ, അബൂബക്കർ വടക്കേതിൽ എന്നിവർ പങ്കെടുത്തു.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *