ആനമങ്ങാട് മറിഞ്ഞ ടാങ്കർ ലോറി 13 മണിക്കൂറുകൾക്ക് ശേഷം ഉയർത്തി

Share to


Perinthalmanna Radio
Date: 30-11-2025

പെരിന്തൽമണ്ണ: പെരിന്തൽമണ്ണ – ചെർപ്പുളശ്ശേരി പാതയിൽ ആനമങ്ങാട് കൃഷ്ണപ്പടി വളവിൽ മറിഞ്ഞ പാചകവാതക ടാങ്കർ ലോറി സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് ഉയർത്തി. ഞായറാഴ്ച പുലർച്ചെ നാലു മണിയോടെയാണ് അതീവ ശ്രമകരമായ ദൗത്യം വിജയകരമായി പൂർത്തിയാക്കിയത്. ഇതോടെ ശനിയാഴ്ച ഉച്ചമുതൽ പ്രദേശത്ത് ഉണ്ടായിരുന്ന ആശങ്കയ്ക്ക് വിരാമമായി.

ചേളാരിയിൽ നിന്നും ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ അധികൃതർ എത്തി  സുരക്ഷാ പരിശോധനകൾ നടത്തിയ ശേഷമാണ് ക്രെയിനുകൾ ഉപയോഗിച്ച് ടാങ്കർ ഉയർത്തിയത്. ടാങ്കറിൽ ചോർച്ചയില്ലാത്തത് രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ സഹായിച്ചു.

വിവിധ വകുപ്പുകളുടെയും സന്നദ്ധപ്രവർത്തകരുടെയും കൂട്ടായ പരിശ്രമമാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചത്. പെരിന്തൽമണ്ണ പോലീസ് ഇൻസ്‌പെക്ടർ (SHO) സുമേഷ് സുധാകരൻ, ഫയർ ആൻഡ് റെസ്‌ക്യൂ സ്റ്റേഷൻ ഓഫീസർ ബാബുരാജൻ, തഹസിൽദാർ വേണുഗോപാൽ എന്നിവരുടെ നേതൃത്വത്തിൽ പോലീസും അഗ്നിരക്ഷാസേനയും റവന്യൂ ഉദ്യോഗസ്ഥരും സ്ഥലത്ത് ക്യാമ്പ് ചെയ്താണ് നടപടികൾക്ക് നേതൃത്വം നൽകിയത്.

മലപ്പുറം ജില്ലാ ട്രോമാ കെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ് ലീഡർ ജബ്ബാർ ജൂബിലിയുടെ നേതൃത്വത്തിൽ പതിനഞ്ചിലധികം ട്രോമാ കെയർ വോളണ്ടിയർമാരും രാത്രി വൈകുവോളം രക്ഷാപ്രവർത്തനത്തിൽ സജീവമായി പങ്കെടുത്തു. ടാങ്കർ മാറ്റിയതോടെ ഇതുവഴിയുള്ള ഗതാഗത തടസ്സവും നീങ്ങി.

ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു മംഗലാപുരത്തു നിന്നും കോയമ്പത്തൂരിലേക്ക് പോവുകയായിരുന്ന ലോറി എതിരെ വന്ന കാറിനെ വെട്ടിക്കുന്നതിനിടെ നിയന്ത്രണം വിട്ടു മറിഞ്ഞത്.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *