
Perinthalmanna Radio
Date: 19-12-2025
അങ്ങാടിപ്പുറം : അങ്ങാടിപ്പുറം പഞ്ചായത്തിൽ 14 സീറ്റു വരെ നേടി ഭരണം പിടിക്കാനുള്ള നീക്കങ്ങൾ എവിടെയാണ് പിഴച്ചതെന്നറിയാതെ സി.പി.എം. 24ൽ ആറു വാർഡുകളിൽ മാത്രമാണ് പാർട്ടി സ്ഥാനാർത്ഥികൾക്ക് വിജയിക്കാനായത്. സംസ്ഥാനത്താകെയുള്ള യു.ഡി.എഫ് അനുകൂല സ്ഥിതിയിലും സി.പി.എമ്മിന്റെ സിറ്റിങ് വാർഡുകൾ നിലനിൽക്കേണ്ടതായിരുന്നു. യു.ഡി.എഫ് ഉയർത്തിയ മുഖ്യ ആരോപണമായ ‘ആരംഭത്തിലേ ആയുധം നഷ്ടപ്പെട്ടവർ’ എന്നത് സ്ഥിരീകരിക്കപ്പെടുന്നതായിരുന്നു തെരഞ്ഞെടുപ്പ് ഫലം. ആഴ്ചകളുടെ വ്യത്യാസത്തിൽ വ്യത്യസ്ത കാരണങ്ങൾ പറഞ്ഞ് സി.പി.എമ്മിന്റെ രണ്ട് പഞ്ചായത്ത് മെംബർമാർ പാർട്ടിയിൽ നിന്ന് രാജിവെച്ച കാര്യം ഉയർത്തിയായിരുന്നു യു.ഡി.എഫ് പരാമർശം. അതിൽ പരിയാപുരത്തെ മെംബർ നിരത്തിയ കാരണങ്ങൾ സി.പി.എമ്മിനെ മറുപടി പറയാനാവാതെ കുഴക്കി. ബഡ്സ് സ്കൂൾ വരുന്നത് തടയാൻ കൂട്ടു നിൽക്കാത്തതിന് രാജിവെക്കുന്നു എന്നായിരുന്നു കാരണം. തെരഞ്ഞെടുപ്പ് സമയത്ത് ഇത് അങ്ങാടിപ്പുറത്ത് വലിയ തോതിൽ ചർച്ചയായി.
14 വാർഡുകൾ വരെ വിജയിച്ച് ഭരണം നേടാനുള്ള ഒരുക്കങ്ങളാണ് പാർട്ടി താഴെത്തട്ടിൽ നടത്തിയത്. അത് ആറു വാർഡിൽ ഒതുങ്ങി. ഒരു പഞ്ചായത്തിൽ മൂന്നു ലോക്കൽ കമ്മിറ്റികളും അതിനനുസരിച്ച് ബ്രാഞ്ച് കമ്മിറ്റികളുമായി ശക്തമായ പാർട്ടി സംവിധാനമുള്ളതാണ് അങ്ങാടിപ്പുറം. പിച്ചാണിപ്പറമ്പ്, ചേങ്ങോട്, പൂപ്പലം, പുത്തനങ്ങാടി ടൗൺ, വൈലോങ്ങര എന്നീ വാർഡുകൾ സി.പി.എമ്മിന് നഷ്ടമായി. പ്രാഥമികമായി പ്രാദേശിക തെരഞ്ഞെടുപ്പ് അവലോകനങ്ങൾ നടത്തി. പാർട്ടിയുടെ ഘടനാപരമായ റിപ്പോർട്ടിങ്ങിൽ കൂടുതൽ കാര്യങ്ങൾ ചർച്ചയ്ക്ക് വരും.
………………………………………..
Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
