
Perinthalmanna Radio
Date: 20-12-2025
മലപ്പുറം: ജപ്പാനീസ് എന്‍സഫലൈറ്റിസിനെതിരെ (ജപ്പാന് ജ്വരം) ജാഗ്രത അനിവാര്യമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ടി.കെ ജയന്തി. എല്ലാ രക്ഷിതാക്കളും കുട്ടികള്‍ക്ക് ജെ.ഇ. വാക്സിന് നല്‍കണമെന്നും ഡി.എം.ഒ അഭ്യര്‍ത്ഥിച്ചു. ജപ്പാനീസ് എന്‍സഫലൈറ്റിസ് ബോധവത്ക്കരണം ശക്തിപ്പെടുത്തുന്നതിനുള്ള ജില്ലാതല പരിശീലനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. ജില്ലാ ആസൂത്രണസമിതി ഹാളില്‍ നടന്ന ചടങ്ങില്‍ ഡെപ്യൂട്ടി ഡി.എം.ഒ ഡോ. എ. ഷിബുലാല്‍ അധ്യക്ഷത വഹിച്ചു.
കൊതുകുകള്‍ വഴി പകരുന്ന ഒരു ഗുരുതര വൈറസ് രോഗമാണ് ജപ്പാനീസ് എന്‍സഫലൈറ്റിസ്. തലച്ചോറിനെ ബാധിക്കുന്ന ഒരു ഗുരുതര രോഗാവസ്ഥയാണിത്. പ്രത്യേകിച്ച് കുട്ടികളെയാണ് ഇത് കൂടുതലായി ബാധിക്കുന്നത്. തീവ്രമായ പനി, ശക്തമായ തലവേദന, ബോധക്ഷയം, അപസ്മാരം, അസ്വാഭാവിക പെരുമാറ്റം എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. പിടിപ്പെട്ടാല്‍ ചികിത്സയില്ലാത്ത ഈ രോഗത്തെ പ്രതിരോധിക്കുന്നതിന് സുരക്ഷിതവും ഫലപ്രദവുമായ വാക്സിന് ലഭ്യമാണ്. വളരെ വിലകൂടിയ വാക്സിന് തികച്ചും സൗജന്യമായി 1-15 വയസ്സുവരെയുള്ള എല്ലാ കുട്ടികള്‍ക്കും നല്കുന്ന പരിപാടി ജനുവരിയില്‍ ജില്ലയില്‍ ആരംഭിക്കും.
കൊതുകു വളരുന്നതിനുള്ള സാഹചര്യം തടയുക, വീടിനകത്തും പരിസരത്തും വെള്ളം കെട്ടിനില്ക്കാന് അനുവദിക്കരുത്, കൊതുകുവല, കൊതുകിനെ അകറ്റുന്നതിനുള്ള ലേപനങ്ങള്‍ എന്നിവ ഉപയോഗിക്കുക, പരിസര ശുചിത്വം പാലിക്കുക, കുട്ടികള്‍ക്ക് നിര്‍ദ്ദേശിച്ച വാക്സിനുകള്‍ യഥാസമയം നല്‍കുക എന്നിവയാണ് പ്രതിരോധ മാര്‍ഗങ്ങള്‍.
പരിപാടിയില്‍ പരിശീലനത്തിന് ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ. സി. ഷുബിന്‍ നേതൃത്വം നല്കി.ആരോഗ്യവകുപ്പിലെ ഫീല്‍ഡ് സൂപ്പര്‍ വൈസര്‍മാര്‍, എപ്പിഡമോളജിസ്റ്റ്, എന്ഡമോളജിസ്റ്റുകള്, ആരോഗ്യപ്രവര്‍ത്തകര്‍, ജില്ലാ പ്രോഗ്രാം ഓഫീസര്‍മാര്‍ എന്നിവര്‍ പരിശീലനത്തില്‍ പങ്കെടുത്തു. ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ടി.എന്‍. അനൂപ്, ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. വി. ഫിറോസ് ഖാന്, ജില്ലാ ആര്.സി.എച്ച് ഓഫീസര്‍ ഡോ. എന്‍.എന്‍. പമീലി, ജില്ലാ എഡ്യൂക്കേഷന്‍ മീഡിയ ഓഫീസര്‍ കെ.പി. സാദിഖ് അലി, ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷന്‍ മീഡിയ ഓഫീസര്‍ ഡി.എസ്. വിജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
