ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞ ഇന്ന്; ചരിത്ര മുഹൂർത്തം ആഘോഷമാക്കാൻ യുഡിഎഫ്

Share to


Perinthalmanna Radio
Date: 21-12-2025

പെരിന്തൽമണ്ണ : പെരിന്തൽമണ്ണ നഗരസഭയിലെ 37 വാർഡുകളിൽ നടന്ന വാശിയേറിയ പോരാട്ടത്തിനൊടുവിൽ ജനപ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ട 37 കൗൺസിലർമാരും ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കും. 21 യുഡിഎഫ് കൗൺസിലർമാരും 16 എൽഡിഎഫ് കൗൺസിലർമാരും ഇനിയുള്ള അഞ്ച് വർഷം ഭരണനിർവഹണം നടത്താനുള്ള ചുമതലയിലേക്ക് കടക്കും. 30 വർഷത്തെ നഗരസഭയുടെ ചരിത്രത്തിൽ യുഡിഎഫിന് ഭൂരിപക്ഷമുള്ള ഭരണസമിതി നിലവിൽ വരുന്നു എന്ന പ്രത്യേകതയാണ് ഇത്തവണയുള്ളത്. രാവിലെ 10 മണിക്ക് മുനിസിപ്പൽ ടൗൺഹാളിൽ സത്യപ്രതിജ്ഞാചടങ്ങുകൾ നടക്കും.

ആരാവും നഗരസഭാ അധ്യക്ഷയാവുക എന്ന കാര്യത്തിൽ യുഡിഎഫിന്റെ ഔദ്യോഗിക പ്രഖ്യാപനം ഞായറാഴ്ചയ്ക്കുശേഷമുണ്ടാവും. 27-നാണ് അധ്യക്ഷസ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുക.

പെരിന്തൽമണ്ണ നഗരസഭയിൽ മുസ്‍ലിംലീഗിലെ സുരയ്യ ഫാറൂഖിന്റെ പേരാണ് ചെയർപേഴ്‌സൺ സ്ഥാനത്തേക്ക് പരിഗണനയിലുള്ളത്. കോൺഗ്രസിൽനിന്നുള്ള എം.ബി. ഫസൽ മുഹമ്മദിന്റെ പേരാണ് വൈസ് ചെയർമാൻ സ്ഥാനത്തേക്ക് പരിഗണനയിലുള്ളത്. ഞായറാഴ്ചത്തെ ചരിത്രമുഹൂർത്തം വലിയ ആഘോഷമാക്കാനാണ് യുഡിഎഫ് തീരുമാനം.

വൈകീട്ട് നാലുമണിക്ക് നഗരത്തെ പ്രകമ്പനം കൊള്ളിക്കുന്ന ആഹ്ളാദപ്രകടനം നടക്കും. ജനങ്ങൾ വിശ്വസിച്ച് ഏൽപ്പിച്ച ഉത്തരവാദിത്വം കൃത്യമായി നിറവേറ്റുമെന്നും അടിസ്ഥാനസൗകര്യ വികസനത്തിനാണ് മുൻഗണനയെന്നും യുഡിഎഫ് കൗൺസിലർമാർ പറഞ്ഞു.

നഗരവികസനം, കുടിവെള്ളപ്രശ്നം, സമ്പൂർണ തെരുവുവിളക്ക് പദ്ധതി തുടങ്ങിയ അടിസ്ഥാനസൗകര്യത്തിനാവും മുൻഗണനയെന്നും യുഡിഎഫ് കൗൺസിലർമാർ പറഞ്ഞു.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *