ലീഗ് ഓഫിസിനു നേരെ അക്രമം; സിപിഎം പ്രവർത്തകർക്ക് ജാമ്യം

Share to


Perinthalmanna Radio
Date: 24-12-2025

പെരിന്തൽമണ്ണ: മുസ്‌ലിം ലീഗ് നിയോജക മണ്ഡലം ഓഫിസിനു നേരെ അക്രമം നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്‌റ്റ് ചെയ്‌ത 5 സിപിഎം പ്രവർത്തകർക്കും കോടതി ജാമ്യം അനുവദിച്ചു.

പെരിന്തൽമണ്ണ താമരത്ത് സുൽഫിക്കർ(44), പാതായ്‌ക്കര ചെന്ത്രത്തിൽ മനോജ്(48), കക്കൂത്ത് ചേരിയിൽ ഹസൈനാർ(49), കുന്നപ്പള്ളി മാമ്പ്രപ്പടി മണക്കാട്ടുതൊടി മുഹമ്മദ് റോഷൻ(25), കക്കൂത്ത് കണ്ണംതൊടി ജിഷാദ് അലി(20) എന്നിവർക്കാണ് പെരിന്തൽമണ്ണ കോടതി ഇന്നലെ വൈകിട്ട് ജാമ്യം അനുവദിച്ചത്. അതേ സമയം സംഭവത്തിൽ പൊലീസ് പ്രതിചേർത്ത 2 സിപിഎം നഗരസഭാ കൗൺസിലർമാർ ഉൾപ്പെടെ 3 പേർ മഞ്ചേരി സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. ഇവരുൾപ്പെടെ 14 പേർക്കെതിരെയാണ് മുസ്‌ലിം ലീഗ് മണ്ഡലം സെക്രട്ടറി കൊളക്കാടൻ അസീസ് നൽകിയ പരാതിയിൽ കേസെടുത്തിട്ടുള്ളത്.

സിപിഎം ഏരിയ സെക്രട്ടറി ഇ.രാജേഷ് ഇന്നലെ നൽകിയ പരാതിയിൽ 4 മുസ്‌ലിംലീഗ് പ്രവർത്തകർക്കെതിരെ ഇന്നലെ പൊലീസ് കേസെടുത്തു. മുസ്‌ലിം ലീഗ് ഓഫിസിനു നേരെ അതിക്രമം നടന്ന 21 ന് രാത്രി 8.30 ന് മുസ്‌ലിം ലീഗ് പ്രവർത്തകരായ കണ്ടാലറിയാവുന്ന 4 പേർ ബൈക്കിൽ വന്ന് സിപിഎം ഓഫിസ് കെട്ടിടത്തിന് കല്ലെറിഞ്ഞ് ഓഫിസിന്റെ ജനൽ ചില്ലുകൾ പൊട്ടിക്കുകയും ഓഫിസ് ബോർഡിന് കേടുപാടുകൾ ഉണ്ടാക്കുകയും ഓഫിസിലുണ്ടായിരുന്ന ഒരാൾക്ക് കല്ലേറിൽ പരുക്കേൽക്കുകയും ചെയ്‌തതായാണ് പരാതിയിലുള്ളത്. 2 ലക്ഷം രൂപയുടെ നാശനഷ്‌ടം സംഭവിച്ചതായും പരാതിയിലുണ്ട്. ഇത് വ്യാജ പരാതിയാണെന്നാണ് മുസ്‌ലിം ലീഗിന്റെ ആരോപണം.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *