
Perinthalmanna Radio
Date: 24-12-2025
പെരിന്തൽമണ്ണ: ലോകരക്ഷകന്റെ തിരുപ്പിറവിക്ക് ഒരു ദിനം മാത്രം ശേഷിക്കെ മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങളും ക്രിസ്മസ് ട്രീകളും തോരണങ്ങളും പുൽക്കൂടുകളും ഒരുക്കി നാടും നഗരവും തിരക്കിലാണ്. തദ്ദേശ തിരഞ്ഞെടുപ്പിന്റെ തിരക്കുകൾക്കിടയിൽ ക്രിസ്മസ് വൈബിലേക്കു നാടെത്താൻ പതിവിലും അൽപം വൈകിയിരുന്നു. എങ്കിലും വിപണിയിലെ ആഘോഷം പതിവു പോലെ നേരത്തേ തുടങ്ങി. ക്രിസ്മസ് കേമമാക്കാൻ വിശ്വാസികൾ ഒരുങ്ങിക്കഴിഞ്ഞു.
പള്ളികളിലും വീടുകളിലും പുൽക്കൂടുകൾ തയാറായി. ക്രിസ്മസ് രാത്രിയായ നാളെ, തിരുപ്പിറവിക്കു ശേഷമുള്ള കലാപ രിപാടികളുടെ പരിശീലനവും പള്ളികളിൽ തകൃതി. ക്രിസ്മസ് പ്രകാശത്തിന്റെ ഉത്സവം കൂടിയാണെന്ന് തോന്നുന്ന രീതിയിലാണ് നാട്ടിലെ കാഴ്ചകൾ. കടകളും വീടുകളും മാല ബൾബുകളാലും നക്ഷത്രങ്ങൾകൊണ്ടും അലങ്കരിച്ചിരിക്കുന്നു. പുതിയ കാലത്തെ നിയോൺ സ്റ്റാറുകളും ഇപ്പോഴും ഫീൽഡ് ഔട്ട് ആവാത്ത കടലാസ് നക്ഷത്രങ്ങളുമാണ് പ്രകാശം പരത്തി ചിരിച്ചുനിൽക്കുന്നത്.
സംഘടനകളുടെ നേതൃത്വത്തിൽ ക്രിസ്മസ് ആഘോഷങ്ങളും കഴിഞ്ഞ ഒരാഴ്ച സജീവമായിരുന്നു. പള്ളികളുടെയും ക്ലബ്ബുകളുടെയും നേതൃത്വത്തിൽ കാരൾ സംഘങ്ങൾ നാട്ടിൽ ക്രിസ്മസ് സന്ദേശവുമായി എത്തി. ക്രിസ്മസ് ആഘോഷങ്ങളിൽ ഒഴിച്ചുകൂടാനാവാത്ത കേക്ക് വിപണിയിലും ഇത്തവണ പുതുമകൾ ഉണ്ടായിരുന്നു. ഒരു വർഷത്തിലധികം ബാരൽ ചെയ്തു നിർമിച്ച കേക്കുകളും ടിന്നിലടച്ച കേക്കുകളും ഇത്തവണ വിപണിയിലെ താരങ്ങളായി. ബീഫ്, പാലപ്പം, മട്ടൻ, താറാവ് റോസ്റ്റ് എന്നിവയിൽ തുടങ്ങി മലപ്പുറത്തിന്റെ സ്വന്തം ബിരിയാണിക്കും ചിക്കൻ ഷവായിക്കും മന്തിക്കും വരെ ക്രിസ്മസ് ദിവസം ഡിമാൻഡ് കൂടും.
———————————————
Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
