അപകടങ്ങളും ഗതാഗതക്കുരുക്കും വർദ്ധിക്കുന്നു; പാണ്ടിക്കാട് ടൗണിൽ ട്രാഫിക് പരിഷ്കരണത്തിന് ആലോചന

Share to


Perinthalmanna Radio
Date: 22-01-2026

പാണ്ടിക്കാട്:  ടൗണിൽ രാത്രികാല അപകടങ്ങളും പകൽ സമയത്തെ ഗതാഗതക്കുരുക്കും വർധിച്ച സാഹചര്യത്തിൽ ട്രാഫിക് പരിഷ്കരണം നടപ്പാക്കുന്നതിന്റെ ഭാഗമായി സർവകക്ഷി യോഗം ചേർന്നു. ഉചിതമായ രീതിയിൽ ട്രാഫിക് പരിഷ്കരണങ്ങൾ നടപ്പാക്കുന്നത് ചർച്ച ചെയ്യാനാണ് പഞ്ചായത്ത് പ്രസിഡന്റിന്റെ പി.ആർ.രോഹിൽനാഥിന്റെ അധ്യക്ഷതയിൽ സർവകക്ഷി യോഗം ചേർന്നത്.

രാത്രികാല അപകടങ്ങൾ കുറയ്ക്കാൻ സ്വീകരിക്കേണ്ട മുൻകരുതലുകൾ യോഗം ചർച്ച ചെയ്തു. രണ്ട് സംസ്ഥാന പാതകളും ഒരു അന്തർ സംസ്ഥാന പാതയും കടന്നു പോകുന്ന നാൽക്കവലയാണ് പാണ്ടിക്കാട് ടൗൺ. വിനോദ സഞ്ചാര കേന്ദ്രങ്ങളായ ഊട്ടി, മൈസൂരു തുടങ്ങിയ സ്ഥലങ്ങളിലേക്ക് നൂറു കണക്കിന് വാഹനങ്ങൾക്കു പുറമേ സർക്കാർ, സ്വകാര്യ ബസുകളും ചരക്കു വാഹനങ്ങളും ഇതിലൂടെ കടന്നു പോകുന്നു. മഞ്ചേരി, മേലാറ്റൂർ ഭാഗത്തുനിന്നു വരുന്നതും നിലമ്പൂർ, പെരിന്തൽമണ്ണ ഭാഗത്തു നിന്നു വരുന്നതുമായ വാഹനങ്ങളുമാണ് ഇവിടെ സംഗമിക്കുന്നത്.

ഇവിടെ ഗതാഗതക്കുരുക്കും രൂക്ഷമാണ്. പ്രധാന ജംക്‌ഷൻ സൂചിപ്പിക്കുന്ന അറിയിപ്പുകൾ ഇല്ലാത്തത് സ്ഥലപരിചയമില്ലാത്ത ഡ്രൈവർമാർ അപകടത്തിൽ പെടുന്നതിനു കാരണമാകുന്നുണ്ട്. ഇത്തരം പ്രശ്നങ്ങൾ ഇല്ലാതാക്കാൻ സൂചനാ ബോർഡുകൾ, ബ്ലിങ്കിങ് ലൈറ്റുകൾ എന്നിവ സ്ഥാപിക്കൽ, വേഗനിയന്ത്രണ സംവിധാനങ്ങൾ ഒരുക്കൽ തുടങ്ങിയ നിർദേശങ്ങളാണ് ഉയർന്നത്. കൂടാതെ ടൗൺ സൗന്ദര്യവൽക്കരണം, തിരക്ക് ഒഴിവാക്കാൻ ട്രാഫിക് പരിഷ്കരണം, ബൈപാസ് റോഡുകൾ ഗതാഗത യോഗ്യമാക്കൽ തുടങ്ങിയ ആവശ്യങ്ങളും ഉയർന്നു.

യോഗതീരുമാനങ്ങൾ അടുത്തദിവസം ചേരുന്ന പഞ്ചായത്ത് ബോർഡിൽ അവതരിപ്പിച്ച് അതിന്റെ റിപ്പോർട്ട് ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിക്കു സമർപ്പിക്കും. വ്യാപാരി സംഘടന പ്രതിനിധികൾ, ഓട്ടോ-ടാക്സി യൂനിയൻ ഭാരവാഹികൾ, ട്രേഡ് യൂണിയൻ പ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പണ്ടിക്കാട് ഡവലപ്മെന്റ് ഓർഗനൈസേഷൻ പ്രതിനിധികൾ, ടീം ഇക്കിഗായ്, ട്രോമാകെയർ, പൊലീസ് വൊളന്റിയർ, ബസ് തൊഴിലാളി സംഘടനകൾ, കെട്ടിടം ഉടമകൾ തുടങ്ങിയവർ പങ്കെടുത്തു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *