
Perinthalmanna Radio
Date: 24-01-2026
പെരിന്തൽമണ്ണ: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പെരിന്തൽമണ്ണ മണ്ഡലത്തിൽ നിന്നും കെ.ടി ജലീൽ മത്സരിക്കില്ലെന്ന് ഏകദേശം ഉറപ്പായി. പെരിന്തൽമണ്ണയിലെ നിലവിലെ എംഎൽഎ നജീബ് കാന്തപുരത്തിന് എതിരെ ജലീൽ പെരിന്തൽമണ്ണയിൽ ജനവിധി തേടുമെന്ന തരത്തിൽ പ്രചരിച്ച വാർത്തകൾ അദ്ദേഹം നേരത്തെ തന്നെ തള്ളിയിരുന്നു. മത്സര രംഗത്തേക്ക് തിരിച്ചെത്താൻ സന്നദ്ധത അറിയിച്ച ജലീൽ സിറ്റിംഗ് സീറ്റായ തവനൂരിന് പകരം സമീപത്തെ മണ്ഡലമായ പൊന്നാനി മണ്ഡലത്തിനാണ് മുൻഗണന നൽകുന്നത്.
മണ്ഡലം രൂപീകരിച്ചതിന് ശേഷം നടന്ന 2011, 2016, 2021 തെരഞ്ഞെടുപ്പുകളില്‍ കെ.ടി ജലീല്‍ വിജയിച്ച മണ്ഡലമാണ് തവനൂർ. കഴിഞ്ഞ തവണ ഭൂരിപക്ഷം കുറഞ്ഞിരുന്നു. കോണ്‍ഗ്രസിനോട് നേരിട്ട് ഏറ്റുമുട്ടുന്ന മലപ്പുറം ജില്ലയിലെ ചുരുക്കം സീറ്റുകളില്‍ ഒന്നുമാണ് തവനൂർ. എന്നാല്‍, കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഉണ്ടായ തിരിച്ചടിയും നാലാം തവണയും എത്തുമ്ബോള്‍ ജനസമ്മിതിയില്‍ ഉണ്ടാകുന്ന കുറവുമാണ് ജലീലിനെ മണ്ഡലം വിടാൻ പ്രേരിപ്പിക്കുന്നത്.
പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ തവനൂർ മണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകളിലും ഇത്തവണ എല്‍ഡിഎഫിന് കനത്ത തിരിച്ചടി നേരിട്ടിരുന്നു. യുഡിഎഫിനും വലിയ സാധ്യത ഉള്ള മണ്ഡലമാണ് തവനൂർ. തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ട് വിഹിതം നോക്കിയാല്‍ മത്സരിച്ചാല്‍ ജലീലിന് തോല്‍വിയ്ക്ക് സാധ്യത കൂടുതലാണ്. ഇതിന് പുറമെ ഭരണ വിരുദ്ധ വികാരം കൂടി ഉണ്ടായാല്‍ കരിയറിലെ അഞ്ചാം തവണത്തെ മത്സരത്തില്‍ തോറ്റ് പടിയിറങ്ങേണ്ടിവരും. ഇതെല്ലാം മുന്നില്‍ കണ്ടാണ് മത്സരിക്കാൻ ഇല്ലെന്ന് അറിയിച്ചത്.
എന്നാല്‍, എല്‍ഡിഎഫിന് വ്യക്തമായ ആധിപത്യമുള്ള മണ്ഡലമാണ് പൊന്നാനി. സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റായ ഇവിടെ എല്‍ഡിഎഫ് ശക്തമാണ്. അതിനാല്‍ തന്നെ ഇവിടെ മത്സരിച്ചാല്‍ ജലീലിന് വിജയ സാധ്യത വളരെ കൂടുതലാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാർഥി നിർണയത്തെ തുടർന്ന് ഉണ്ടായ വിഭാഗീയത നില നില്ക്കുന്ന മണ്ഡലം കൂടിയാണ് പൊന്നാനി. എന്നാല്‍ ജലീല്‍ എത്തിയാല്‍ ഇരുപക്ഷവും പിന്തുണച്ചേക്കും.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
