
Perinthalmanna Radio
Date: 25-01-2026
മലപ്പുറം : വാഹനപകടങ്ങൾ ഇല്ലാത്ത ഒരു ദിവസം പോലും കടന്നു പോവുന്നില്ല എന്നത് ഇന്നാരെയും ആശ്ചര്യപ്പെടുത്തുന്നില്ല. അത്രയേറെ സാധാരണമായിരിക്കുകയാണ് റോഡപകടങ്ങളും മരണങ്ങളും. ബോധവത്കരണങ്ങൾ ‘ഒരു വഴിക്ക്’ നടക്കുന്നുണ്ടെങ്കിലും അശ്രദ്ധമായ ഡ്രൈവിങ്ങും റോഡിലെ തകർച്ചയുമെല്ലാം അപകടങ്ങൾ വിളിച്ചുവരുത്തുകയാണ്. ഈ വർഷം ജനുവരി 19 വരെയുള്ള ദിവസത്തിനിടെ മാത്രം മലപ്പുറത്ത് 18 ജീവനുകളാണ് വിവിധ വാഹനപകടങ്ങളിൽ നഷ്ടമായത്. മലപ്പുറം ജില്ലയിൽ മാത്രം ദിനേന ശരാശരി 12 അപകടങ്ങൾ സംഭവിക്കുന്നുണ്ടെന്നാണ് ജില്ല ക്രൈം റെക്കോഡ്സ് ബ്യൂറോയിൽ നിന്ന് ലഭിച്ച കണക്കുകളിൽനിന്ന് വ്യക്തമാകുന്നത്. കഴിഞ്ഞ വർഷം ജില്ലയിൽ മാത്രം റോഡപകടങ്ങളിൽ പൊലിഞ്ഞത് 333 ജീവനുകളാണ്. അഞ്ച് വർഷത്തിനിടെ ഏറ്റവും കൂടുതൽ ആളുകൾ മരിച്ചതും 2025ലാണ്. 2024ൽ 316 പേരാണ് ജില്ലയിൽ മരിച്ചത്. 2023ൽ 309പേരും 2022ൽ 320പേരും 2021ൽ 284പേരും വാഹനപകടങ്ങളിൽ മരിച്ചു.
2025ൽ 3570 അപകടങ്ങളിലായി 4109 പേർക്കാണ് പരിക്കേറ്റത്. ഏറ്റവും കൂടുതൽ അപകടത്തിൽപ്പെട്ടത് ഇരുചക്ര വാഹനങ്ങളാണ്. 3024 അപകടങ്ങളാണ് ഇരു ചക്രവാഹനങ്ങൾ മാത്രം വരുത്തിയത്. 1365 കാറുകളും ഇക്കാലയളവിൽ അപകടത്തിൽപ്പെട്ടു. ഓട്ടോറിക്ഷകൾ 569 എണ്ണവും ബസുകൾ 362 എണ്ണവും ലോറികൾ 388 എണ്ണവും കഴിഞ്ഞവർഷം അപകടത്തിൽപ്പെട്ടിട്ടുണ്ട്. 21 കേസുകൾ മദ്യപിച്ച് അപകടം വരുത്തിയതാണെന്നും ക്രൈം റെക്കോഡ്സ് ബ്യൂറോയിൽനിന്ന് ലഭിച്ച വിവരങ്ങളിലുണ്ട്. കഴിഞ്ഞ വർഷം വിവിധ അപകടങ്ങളിലായി 74 കാൽനടക്കാരും മരണപ്പെട്ടു. 798 കാൽനട യാത്രക്കാർക്ക് അപകടങ്ങളിൽ പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
