
Perinthalmanna Radio
Date: 30-01-2026
പെരിന്തൽമണ്ണ : കോഴിക്കോട്– പാലക്കാട് ദേശീയ പാതയിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ ഉദ്ദേശിച്ചുള്ള ഓരാടംപാലം– മാനത്തുമംഗലം ബൈപാസ് പദ്ധതി ബജറ്റിൽ അവഗണിച്ച സാഹചര്യത്തിൽ അൽപം പ്രതീക്ഷ പകരുന്നതാണ് അങ്ങാടിപ്പുറത്തെ ചാത്തനല്ലൂർ ഏഴുകണ്ണിപ്പാലം റെയിൽവേ അടിപ്പാതയ്ക്ക് 3 കോടി രൂപ അനുവദിച്ചത്. മഞ്ഞളാംകുഴി അലി എംഎൽഎ ബജറ്റിലേക്കായി സമർപ്പിച്ച പദ്ധതിക്കാണ് അംഗീകാരം നൽകി 20 ശതമാനം തുകയായ 60 ലക്ഷം രൂപ ബജറ്റിൽ ഉൾപ്പെടുത്തിയത്.
ദേശീയ പാതയിലെ കുരുക്കഴിക്കാൻ നടത്തിയ ആശയക്കൂട്ടായ്മയിലെ പ്രധാന ആവശ്യങ്ങളിലൊന്ന് ഈ അടിപ്പാത യാഥാർഥ്യമാക്കണമെന്നതായിരുന്നു. മഞ്ഞളാംകുഴി അലി എംഎൽഎയുടെയും അന്നത്തെ അങ്ങാടിപ്പുറം പഞ്ചായത്ത് ഭരണ സമിതിയുടെയും നേതൃത്വത്തിൽ നടത്തിയ ശ്രമഫലമായി പദ്ധതിക്ക് റെയിൽവേ അംഗീകാരം ലഭിച്ചതാണ്.
പാലക്കാട് റെയിൽവേ ഡിവിഷൻ അധികൃതർ 3,50,70000 രൂപയുടെ ഫൈനൽ എസ്‌റ്റിമേറ്റും തയാറാക്കിയതാണ്. കഴിഞ്ഞ അങ്ങാടിപ്പുറം പഞ്ചായത്ത് ഭരണ സമിതി പദ്ധതിക്കായി 50 ലക്ഷം രൂപ അനുവദിച്ചിരുന്നു. എംഎൽഎ കഴിഞ്ഞ വർഷം ഒരു കോടി രൂപയും അനുവദിച്ചിരുന്നു. എന്നാൽ ഫണ്ടിന്റെ അപര്യാപ്‌തയിൽ പ്രതിസന്ധിയിലായിരുന്നു ഈ പദ്ധതി. അടിപ്പാത നിലവിൽ വന്നാൽ ഓരാടംപാലത്തു നിന്നും ഊട്ടി റോഡിലേക്ക് കിലോമീറ്ററുകൾ ലാഭിക്കാനാവും. മാത്രമല്ല അങ്ങാടിപ്പുറത്തെ ഗതാഗതക്കുരുക്ക് ഒഴിവാക്കി ചെറിയ വാഹനങ്ങൾക്ക് ഇതുവഴി കടന്നു പോകാനാവും. ഇതോടെ ദേശീയ പാതയിലെ ഗതാഗതക്കുരുക്കിനും ശമനമാകുമെന്നാണ് പ്രതീക്ഷ.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
