
Perinthalmanna Radio
Date: 03-02-2026
മലപ്പുറം: ചൂട് കനത്തതോടെ ജില്ലയില്‍ തീപിടിത്ത കേസുകളും ക്രമാതീതമായി വർദ്ധിക്കുകയാണ്. ഒരു മാസത്തിനിടെ ജില്ലയില്‍ 157 തീപിടിത്ത കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോർട്ട് ചെയ്തത് തിരൂർ ഫയർ സ്റ്റേഷന് കീഴിലാണ്, 35 എണ്ണം. ഏറ്റവും കുറവ് കേസുകള്‍ താനൂരിലും – ആറെണ്ണം. പെരിന്തല്‍മണ്ണ -27, പൊന്നാനി-26, മലപ്പുറം -25, നിലമ്പൂർ -19, തിരുവാലി -ഒമ്പത്, മഞ്ചേരി -10 എന്നിങ്ങനെയാണ് വിവിധ ഫയർ സ്റ്റേഷനുകള്‍ക്ക് കീഴില്‍ റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം. കഴിഞ്ഞ വർഷത്തേതില്‍ നിന്നും താരതമ്യം ചെയ്യുമ്പോള്‍ കേസുകളുടെ എണ്ണത്തില്‍ 30 ശതമാനം വർദ്ധനവാണ് ഉണ്ടായിട്ടുള്ളതെന്ന് ഫയർ ഫോഴ്സ് അധികൃതർ പറയുന്നു.
കടുത്ത ചൂടില്‍ തോട്ടങ്ങള്‍ക്കും പുല്‍മേടുകള്‍ക്കും അടിക്കാടുകള്‍ക്കും ചപ്പുചവറുകള്‍ക്കും മാലിന്യക്കൂമ്പാരങ്ങള്‍ക്കും തീ പിടിക്കുന്ന ഗ്രൗണ്ട് ഫയറുകളാണ് ജില്ലയില്‍ കൂടുതലായും റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കഴിഞ്ഞ വർഷം ജില്ലയില്‍ ആകെ റിപ്പോർട്ട് ചെയ്തത് 648 തീപിടിത്ത കേസുകളാണ്. എന്നാല്‍, ഈ വർഷം ഒരു മാസം പിന്നിട്ടപ്പോഴേക്കും കേസുകളുടെ എണ്ണത്തില്‍ വലിയ വർദ്ധവ് ആശങ്കപ്പെടുത്തുന്നതാണെന്നും അധികൃതർ പറയുന്നു.
ജില്ലയില്‍ ആകെയുള്ള എട്ട് ഫയർ സ്റ്റേഷനുകളില്‍ തിരുവാലി, മഞ്ചേരി, താനൂർ ഫയർ സ്റ്റേഷനുകള്‍ ജീവനക്കാരുടെയും വാഹനങ്ങളുടെയും എണ്ണത്തില്‍ കുറവുമുള്ള മിനി സ്റ്റേഷനുകളാണ്. സിവില്‍ ഡിഫൻസിന്റെ സേവനമാണ് പ്രതിസന്ധി ഘട്ടങ്ങളില്‍ ഇവിടെ ആശ്വസമേകുന്നത്. ജനസാന്ദ്രതയേറിയ മലപ്പുറം ജില്ലയില്‍ കൂടുതല്‍ ഫയർ സ്റ്റേഷനുകള്‍ ആവശ്യമാണ്.
ഇപ്പോഴുണ്ടാവുന്ന മിക്ക തീപിടുത്തങ്ങളും തീ അലക്ഷ്യമായി കൈകാര്യം ചെയ്യുന്നതില്‍ നിന്നുണ്ടാവുന്നതാണ്. വലിച്ചെറിയുന്നൊരു ബീഡിക്കുറ്റിയില്‍ നിന്ന് പോലും വൻ അഗ്നിബാധയ്ക്ക് വഴിയൊരുക്കാം. വീണ് കിടക്കുന്ന ഇലകളും അവശിഷ്ടങ്ങളും കൂട്ടിയിട്ട് കത്തിക്കുന്നത് ഒഴിവാക്കുക. വാസസ്ഥലങ്ങളും കൃഷിയിടങ്ങാളും ഒഴിഞ്ഞ പറമ്പുകളും ഫയർ ബ്രേക്കുകള്‍ നിർമ്മിച്ച് സുരക്ഷിതം ആകണമെന്ന് മലപ്പുറം ഫയർ ആന്റ് റെസ്‌ക്യൂ സ്റ്റേഷൻ ഓഫീസർ ഇ.കെ.അബ്ദുല്‍ സലീം പറഞ്ഞു.
*വിവിധ ഫയർ സ്റ്റേഷനുകള്‍ക്ക് കീഴില്‍ റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം*
തിരൂർ – 35
പെരിന്തല്‍മണ്ണ- 27
പൊന്നാനി – 26
മലപ്പുറം – 25
നിലമ്പൂർ- 19
തിരുവാലി- 9
മഞ്ചേരി- 10
താനൂർ- 6
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
