
Perinthalmanna Radio
Date: 04-02-2026
പെരിന്തൽമണ്ണ: ജില്ലാ ആശുപത്രിയിൽ സ്ട്രോക്ക് യൂണിറ്റ് ആരംഭിച്ചെന്ന് സർക്കാർ നിയമസഭയിൽ. ആവശ്യമായ ജീവനക്കാരുടെ നിയമനം ഉൾപ്പെടെയുള്ള നടപടികൾ എന്തുകൊണ്ടാണ് വൈകുന്നതെന്ന ചോദ്യത്തിനും സ്ട്രോക്ക് യൂണിറ്റിലേക്ക് ന്യൂറോളജിസ്റ്റിനെ നിയമിക്കുമോ എന്ന ചോദ്യത്തിനും ഉത്തരമില്ല. നജീബ് കാന്തപുരം എംഎൽഎയുടെ ചോദ്യങ്ങൾക്കാണ് മന്ത്രി വീണാ ജോർജ് മറുപടി നൽകിയത്. എൻഎച്ച്എം മുഖാന്തിരം അനുവദിച്ച 8.52 ലക്ഷം രൂപയ്ക്കുള്ള ഉപകരണങ്ങൾ കെഎംഎസ്സിഎൽ മുഖേന വിതരണം ചെയ്ത് ജില്ലാ ആശുപത്രിയിൽ സ്ട്രോക്ക് യൂണിറ്റ് പ്രവർത്തനം തുടങ്ങിയതായി സർക്കാർ അറിയിച്ചു. പ്ലാൻ ഫണ്ട് 5 ലക്ഷം രൂപയും എൻഎച്ച്എം ഫണ്ടായ 2 ലക്ഷം രൂപയും വിനിയോഗിച്ച് വാർഡിന്റെ നവീകരണ പ്രവർത്തനങ്ങളും നടത്തി. നിലവിലുള്ള സൗകര്യങ്ങൾ ഉപയോഗിച്ച് കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ ഡിസംബർ വരെ 150 രോഗികൾക്ക് സ്ട്രോക്ക് യൂണിറ്റ് വഴി ചികിത്സ നൽകിയതായും മന്ത്രി പറഞ്ഞു.
ആശുപത്രിയിലെ സൂപ്രണ്ട് ഉൾപ്പെടെയുള്ളവർക്ക് പരിശീലനം നൽകിയതായും മന്ത്രി അറിയിച്ചു. അതേ സമയം സ്ട്രോക്ക് യൂണിറ്റിലേക്ക് ആവശ്യമായ ന്യൂറോളജിസ്റ്റിന്റെ തസ്തിക ഇവിടെയില്ല. കഴിഞ്ഞ ദിവസം വിവിധ ആശുപത്രികളിൽ 9 ന്യൂറോളജി തസ്തികകൾ പുതുതായി സൃഷ്ടിക്കപ്പെട്ടെങ്കിലും പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയെ തഴഞ്ഞു. അതേ സമയം ജില്ലയിൽ തന്നെ സ്ട്രോക്ക് യൂണിറ്റ് ഇല്ലാത്ത ജില്ലാ ആശുപത്രിക്ക് ന്യൂറോളജിസ്റ്റിന്റെ തസ്തിക അനുവദിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് സ്ട്രോക്ക് യൂണിറ്റിലേക്ക് ന്യൂറോളജിസ്റ്റിനെ അടിയന്തരമായി നിയമിക്കാൻ നടപടി സ്വീകരിക്കുമോയെന്നും ജീവനക്കാരുടെ നിയമനം ഉൾപ്പെടെയുള്ള നടപടികൾ എന്തു കൊണ്ട് വൈകുന്നുവെന്നും എംഎൽഎ ചോദ്യം ഉന്നയിച്ചത്. ഈ രണ്ട് ചോദ്യങ്ങൾക്കും മന്ത്രി സ്ട്രോക്ക് യൂണിറ്റ് പ്രവർത്തനം ആരംഭിച്ചുവെന്ന മറുപടി ആവർത്തിക്കുക മാത്രമാണ് ചെയ്തത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
