
Perinthalmanna Radio
Date: 05-03-2026
പെരിന്തൽമണ്ണ: പ്രതിപക്ഷാംഗങ്ങളുടെ വിയോജിപ്പോടെ 144.7 കോടി രൂപ വരവും 141.7 കോടി രൂപ ചെലവും 2.92 കോടി രൂപ മിച്ചവും പ്രതീക്ഷിക്കുന്ന നഗരസഭയുടെ ബജറ്റ് അംഗീകരിച്ചു. 70 വയസ്സു പിന്നിട്ട വയോജനങ്ങൾക്ക് വർഷത്തിൽ 4 തവണ കിറ്റ് നൽകാനുള്ള തീരുമാനം മാറ്റി എല്ലാ മാസവും പോഷകാഹാര കിറ്റ് നൽകണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ബജറ്റിൽ ഒരു പുതുമയും ഇല്ലെന്നും മുൻകാല പദ്ധതികളുടെ പകർപ്പാണെന്നും കുറ്റപ്പെടുത്തി. സ്ത്രീ ശാക്തീകരണത്തിനും കാര്യമായ പദ്ധതികളില്ല. നഗരസഭ കടത്തിലാണെന്ന വാദം മുൻകൂർ ജാമ്യമെടുക്കലാണെന്നും പദ്ധതികൾ നടപ്പാക്കുമ്പോൾ ബാധ്യതയുണ്ടാവുമെന്നും പറഞ്ഞു. 2 തവണ തന്നെ തെരുവുനായ കടിച്ച അനുഭവം പറഞ്ഞു കൊണ്ടായിരുന്നു കൗൺസിലർ പച്ചീരി സുബൈർ എബിസി ഷെൽറ്റർ ആൻഡ് കെയർ പദ്ധതിയെ അഭിനന്ദിച്ചത്. നഗരത്തിന്റെ മുഖഛായ മാറ്റാനുള്ള നഗരസൗന്ദര്യവൽക്കരണത്തിനുള്ള പദ്ധതി അഭിനന്ദനാർഹമാണെന്ന് ഭരണപക്ഷ അംഗങ്ങൾ പറഞ്ഞു.
ഭാവി പെരിന്തൽമണ്ണയെ സൃഷ്ടിക്കാൻ ഫ്യൂച്ചർ വില്ലേജ് പദ്ധതി നടപ്പാക്കണമെന്ന് ആവശ്യമുയർന്നു. സിവിൽ സർവീസ് ഉൾപ്പെടെയുള്ള കോഴ്സുകളിലേക്ക് കുട്ടികളെ വഴിനടത്താൻ വിപുലമായ പരിശീലന പദ്ധതി വേണം. സ്ത്രീസുരക്ഷയ്ക്കായി പദ്ധതി ഉൾപ്പെടുത്തണമെന്ന് ആവശ്യമുയർന്നു. എല്ലാ വാർഡുകളിലും വായനശാലകൾക്ക് പദ്ധതി തയാറാക്കണമെന്നും ആവശ്യപ്പെട്ടു. വൈദ്യുതി ചാർജ് കുറയ്ക്കാൻ സൗരോർജ പദ്ധതി വിപുലീകരിക്കണം. സ്ട്രീറ്റ് ലൈറ്റുകളുടെ കാര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തണം. പാതായ്ക്കരയിൽ സൗജന്യമായി വിട്ടുനൽകിയ 5 സെന്റ് സ്ഥലത്ത് ഹെൽത്ത് സെന്റർ സ്ഥാപിക്കണമെന്നും ആവശ്യമുയർന്നു.
നഗരസഭാധ്യക്ഷ പച്ചീരി സുരയ്യ ഫാറൂഖ് ആധ്യക്ഷ്യം വഹിച്ചു. വൈസ് ചെയർമാൻ എം.ബി.ഫസൽ മുഹമ്മദ്, സ്ഥിരസമിതി അധ്യക്ഷരായ നാലകത്ത് ബഷീർ, അമ്പിളി മനോജ്, ദിനേശ് കണക്കഞ്ചേരി, ഹുസൈന നാസർ, കദീജ, പ്രതിപക്ഷ നേതാവ് രാഹുൽ വലിയപറമ്പിൽ, കൗൺസിലർമാരായ മൻസൂർ നെച്ചിയിൽ, ഉനൈസ് കക്കൂത്ത്, നിഷ സുബൈർ, സി.പി.ഷെർളിജ, അജിൽകുമാർ, ശരത്, അസ്കർ, സമീനാ ജാഫർ, ഫാസിൽ, ബിന്ദു, ജിഷ്ണു തുടങ്ങിയവർ പ്രസംഗിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
