
Perinthalmanna Radio
Date: 07-03-2026
പെരിന്തൽമണ്ണ: സത്യവും അസത്യവും തമ്മിൽ ഏറ്റുമുട്ടിയ ചരിത്രപ്രസിദ്ധമായ ബദർ യുദ്ധത്തിന്റെ സ്മരണ പുതുക്കി ഇസ്ലാം മത വിശ്വാസി ലോകം ഇന്ന് ബദർ ദിനം ആചരിക്കുന്നു. ഹിജ്റ രണ്ടാം വർഷം റമസാൻ 17-നാണ് ഇസ്‌ലാമിക ചരിത്രത്തിലെ നിർണ്ണായകമായ ഈ പോരാട്ടം നടന്നത്. അല്പം പോലും യുദ്ധസജ്ജരല്ലാതിരുന്ന ഒരു ചെറിയ സംഘം വിശ്വാസികൾ, തങ്ങളെക്കാൾ മൂന്നിരട്ടിയിലധികം വരുന്ന ശത്രുപ്പടയെ വിശ്വാസക്കരുത്ത് കൊണ്ട് പരാജയപ്പെടുത്തിയതാണ് ബദറിന്റെ സന്ദേശം.
പരിമിതമായ ആയുധങ്ങളും ഒട്ടകങ്ങളുമായി ഇറങ്ങിത്തിരിച്ച മുന്നൂറ്റിപ്പതിമൂന്ന് (313) പേരാണ് ബദറിലെ പോരാളികൾ. അല്ലാഹുവിന്റെ സഹായവും പ്രവാചകർ മുഹമ്മദ് മുസ്തഫ (സ) തങ്ങളുടെ നേതൃത്വവുമാണ് അവർക്ക് കരുത്തായത്. അഹങ്കാരവുമായി വന്ന ഖുറൈശികളെ വിനയവും പ്രാർത്ഥനയും കൈമുതലാക്കിയ മുസ്‌ലിം സംഘം പരാജയപ്പെടുത്തി. ഈ യുദ്ധത്തിൽ ശത്രുപക്ഷത്തെ പ്രമുഖർ കൊല്ലപ്പെടുകയും ഇസ് ലാം വൻ വിജയം വരിക്കുകയും ചെയ്തു.
ബദർ ദിനം കേവലം ഒരു ചരിത്ര സ്മരണ മാത്രമല്ല, മറിച്ച് ആത്മീയമായ ഉണർവിനുള്ള അവസരം കൂടിയാണ്. ബദ് രീങ്ങളുടെ തവസ്സുൽ (അവരിലൂടെ അല്ലാഹുവിനോട് ഇരക്കൽ) ചെയ്ത് പ്രാർത്ഥിക്കുന്നത് വിശ്വാസികൾക്ക് ഏറെ പുണ്യകരമായ കാര്യമാണ്. മഹാൻമാരായ ബദ് രീങ്ങളുടെ മദ് ഹ് പറയുന്ന ബദർ മൗലീദ് പാരായണം ചെയ്യാനും അവരുടെ നാമങ്ങൾ ഉച്ചരിക്കാനും വിശ്വാസികൾ ഈ ദിനത്തെ ഉപയോഗപ്പെടുത്തുന്നു. പ്രതിസന്ധികളിൽ തളരാതെ അല്ലാഹുവിൽ ഭരമേല്പിക്കാനും സത്യത്തിന് വേണ്ടി നിലകൊള്ളാനുമുള്ള വലിയ പാഠമാണ് ഓരോ ബദർ ദിനവും വിശ്വാസികൾക്ക് നൽകുന്നത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
