സ്വകാര്യ ബസുകളുടെ  മത്സരയോട്ടത്തിന് കടിഞ്ഞാണിടാൻ സർക്കാർ

Share to


Perinthalmanna Radio
Date: 07-03-2026

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ നടത്തുന്ന മത്സരയോട്ടങ്ങൾക്കും നിയമലംഘനങ്ങൾക്കും കടിഞ്ഞാണിടാൻ സർക്കാർ കർശന നടപടികളിലേക്ക്. സമീപകാലത്തായി സ്വകാര്യ ബസുകൾ ഉൾപ്പെടുന്ന അപകടങ്ങൾ വർധിച്ച സാഹചര്യത്തിൽ, ഗതാഗത വകുപ്പിന്റെ നേതൃത്വത്തിൽ എൻഫോഴ്‌സ്‌മെന്റ് പരിശോധനകൾ വരുംദിവസങ്ങളിൽ കൂടുതൽ ശക്തമാക്കും. നിയമലംഘനങ്ങൾ ആവർത്തിക്കുന്ന ബസുകളുടെ പെർമിറ്റ് റദ്ദാക്കുമെന്നും ഡ്രൈവർമാരുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

പരിശോധന കർക്കശമാകുമ്പോൾ മാത്രം നിയമം പാലിക്കുകയും, പിന്നീട് പഴയ ശൈലിയിലേക്ക് മടങ്ങുകയും ചെയ്യുന്ന ബസ് ഉടമകളുടെയും ജീവനക്കാരുടെയും രീതിയിൽ മാറ്റം വരുത്താനാണ് സർക്കാരിന്റെ നീക്കം. ഇതിന്റെ ഭാഗമായി സ്പെഷൽ ഡ്രൈവുകൾ നടത്താൻ എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തിന് കർശന നിർദേശം നൽകിയിട്ടുണ്ട്. ബസ് ജീവനക്കാർക്ക് പൊലിസ് വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിട്ടുണ്ട്. പരിശോധന വേളയിൽ ജീവനക്കാർ നിർബന്ധമായും ഈ രേഖ ഹാജരാക്കണം. കാമറ, ജി.പി.എസ്, സ്പീഡ് ഗവേണർ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങൾ പ്രവർത്തനക്ഷമമല്ലാത്ത ബസുകൾക്കെതിരേയും നടപടി ഉണ്ടാകും.

മത്സരയോട്ടം തടയുന്നതിന്റെ ഭാഗമായി ജിയോ ഫെൻസിങ് സംവിധാനം കൊണ്ടു വരാൻ നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും ഇതുവരെ പ്രാവർത്തികമായിട്ടില്ല. നിലവിലെ തീരുമാനങ്ങൾ നടപ്പിലാക്കുന്നതിലൂടെ നിരത്തുകളിലെ സുരക്ഷ വർധിപ്പിക്കാനും യാത്രക്കാരുടെ ആശങ്ക പരിഹരിക്കാനുമാണ് ഗതാഗത വകുപ്പ് ശ്രമിക്കുന്നത്. നിയമ ലംഘനങ്ങൾക്കെതിരേ വിട്ടുവീഴ്ചയില്ലാത്ത സമീപനമായിരിക്കും ഇനി ഉണ്ടാകുകയെന്ന് അധികൃതർ വ്യക്തമാക്കി.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *