
Perinthalmanna Radio
Date: 08-03-2026
പെരിന്തൽമണ്ണ: കോഴിക്കോട്– പാലക്കാട് ദേശീയപാതയുടെ ഇരുവശങ്ങളിലായുള്ള ജില്ലാ ആശുപത്രി കെട്ടിടങ്ങളെ ബന്ധിപ്പിക്കുന്നതിന് മേൽപാലം പണിയാൻ 5 കോടി രൂപയുടെ എസ്‌റ്റിമേറ്റ് തയാറാക്കി. ഇന്നലെ നടന്ന എച്ച്എംസി യോഗത്തിൽ അധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജബ്ബാർ ഹാജി ആണ് ഇക്കാര്യം യോഗത്തെ അറിയിച്ചത്. നിർമാണത്തിന് ആവശ്യമായ ഫണ്ട് സിഎസ്‌ആർ ഫണ്ട്, എംഎൽഎ–എംപി ഫണ്ടുകൾ, മറ്റ് കേന്ദ്ര സംസ്ഥാന ഫണ്ടുകൾ തുടങ്ങിയവ വഴി ലഭ്യമാക്കാനുള്ള സാധ്യതകൾ പരിശോധിക്കും. തിരക്കേറിയ റോഡിൽ ഇവിടെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കുമെല്ലാം റോഡിലൂടെ ഇരുവശങ്ങളിലേക്കും നടന്നു പോകുന്നത് ഏറെ സാഹസപ്പെട്ടാണ്.
ആശുപത്രിക്ക് മുൻവശത്തെ മാഞ്ഞു പോയ സീബ്രാലൈൻ ഒരുക്കുന്നതിന് ടെൻഡർ നടപടികൾ സ്വീകരിച്ചതായി യോഗത്തിൽ അറിയിച്ചു. ആശുപത്രി കോംപൗണ്ടിൽ തെരുവു നായ്‌ക്കളുടെ ശല്യത്തിന് പരിഹാരം കാണുന്നതിന് നടപടി സ്വീകരിക്കും. നായ്ക്കൾക്ക് ഇവിടെ ഭക്ഷണ പദാർഥങ്ങൾ നൽകുന്നത് നിരോധിച്ചു കൊണ്ട് ബോർഡ് സ്ഥാപിക്കും. ഇതിനായി നഗരസഭ പ്രത്യേക പാക്കേജ് തയാറാക്കിയിട്ടുണ്ടെന്ന് യോഗത്തിൽ അറിയിച്ചു.
ഫാർമസിയുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിന് മോഡുലാർ റാക്കുകൾ സ്ഥാപിക്കും. ആശുപത്രിയിലെ അടിയന്തര സാഹചര്യം കൈകാര്യം ചെയ്യാൻ എച്ച്എംസി അംഗങ്ങളുടെ ഏഴംഗ സബ്‌കമ്മിറ്റി രൂപീകരിക്കും. ആശുപത്രിയിൽ ജല ലഭ്യത ഉറപ്പാക്കുന്നതിനായി ജല അതോറിറ്റിയുടെ ശുദ്ധജലം എല്ലാ ദിവസവും ലഭ്യമാക്കുന്നതിന് ജല അതോറിറ്റി അധികൃതർക്ക് കത്ത് നൽകും.
ജില്ലാ പഞ്ചായത്ത് അടുത്ത സാമ്പത്തിക വർഷത്തേക്ക് 3.60 കോടി രൂപ ജില്ലാ ആശുപത്രിയുടെ പ്രവർത്തനങ്ങൾക്കായി നീക്കി വച്ചിട്ടുണ്ടെന്ന് പ്രസിഡന്റ് യോഗത്തിൽ അറിയിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷൻ പി.കെ.അസ്‌തു, അംഗങ്ങളായ സാജിത, എം.ഫൗസിയ, അസ്‌മാബി, സി.സുകുമാരൻ, നഗരസഭാ ഉപാധ്യക്ഷൻ എം.ബി.ഫസൽ മുഹമ്മദ്, സ്ഥിരസമിതി അധ്യക്ഷൻ നാലകത്ത് ബഷീർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ.ഹാരിസ്, ജീവകാരുണ്യ പ്രവർത്തകൻ കുറ്റീരി മാനുപ്പ, ഉമ്മർ അറക്കൽ, എ.കെ.മുസ്തഫ, എ.കെ.നാസർ, ഹംസ പാലൂർ, പി.ടി.തോമസ്, ടി.സുബ്രഹ്മണ്യൻ, ഷാഹുൽ ഹമീദ്, ആശുപത്രി സൂപ്രണ്ട് ഡോ.ഷീനലാൽ, ആർഎംഒ ഡോ.ദീപക് കെ.വ്യാസ് എന്നിവർ പ്രസംഗിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
