പെരിന്തൽമണ്ണയിലും പാചക വാതക സിലിണ്ടറുകൾക്കായി ജനങ്ങളുടെ നെട്ടോട്ടം

Share to


Perinthalmanna Radio
Date: 11-03-2026

പെരിന്തൽമണ്ണ:പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് രാജ്യം കടുത്ത പാചക വാതക ക്ഷാമത്തിലേക്ക് നീങ്ങുന്നതിനിടെ, പെരിന്തൽമണ്ണയിലും പാചക സിലിണ്ടറുകൾക്കായി ജനങ്ങളുടെ നെട്ടോട്ടം. പെരിന്തൽമണ്ണ ജൂബിലി റോഡിലെ ഗ്യാസ് ഏജൻസി തുറക്കുന്നതിന് മുമ്പ് തന്നെ അതിരാവിലെ ഗ്യാസ് വിതരണം ചെയ്യുന്ന വാഹനങ്ങൾക്ക് പിന്നാലെ ഒഴിഞ്ഞ സിലിണ്ടറുകളുമായി ജനങ്ങൾ പായുന്ന ദൃശ്യങ്ങളാണ് ഇന്നലെയും ഇന്നും കാണാൻ കഴിഞ്ഞത്. ബുക്കിംഗ് കഴിഞ്ഞ് ആഴ്ചകൾ പിന്നിട്ടിട്ടും ഗ്യാസ് ലഭിക്കാത്ത സാഹചര്യത്തിലാണ് വിതരണ വാഹനങ്ങളെ നേരിട്ട് സമീപിച്ച് സിലിണ്ടറുകൾ കൈക്കലാക്കാൻ ജനങ്ങൾ നിർബന്ധിതരാകുന്നത്.

ഇറാൻ യുദ്ധത്തെ തുടർന്ന് ഗൾഫ് രാജ്യങ്ങൾ ഉത്പാദനം കുറച്ചതും ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗത തടസ്സവുമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. ഈ സാഹചര്യത്തിൽ വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽ.പി.ജി വിതരണം എണ്ണക്കമ്പനികൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ഇതോടെ ജില്ലയിലെ ഹോട്ടലുകളും റെസ്റ്റോറന്റുകളും കടുത്ത പ്രതിസന്ധിയിലായി. പലയിടങ്ങളിലും ഹോട്ടലുകൾ അടച്ചുപൂട്ടേണ്ട അവസ്ഥയിലാണ്.

ഗാർഹിക കണക്ഷനുകൾക്കും ഇപ്പോൾ കടുത്ത നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. നേരത്തെ ബുക്ക് ചെയ്താൽ തൊട്ടടുത്ത ദിവസം ലഭിച്ചിരുന്ന സിലിണ്ടറുകൾക്ക് ഇപ്പോൾ ചുരുങ്ങിയത് 25 ദിവസമെങ്കിലും കാത്തിരിക്കേണ്ടി വരുന്നു. പ്രതിസന്ധി മറികടക്കാൻ കേന്ദ്ര സർക്കാർ ‘അവശ്യ സാധന നിയമം’ നടപ്പിലാക്കിയിട്ടുണ്ട്. ആശുപത്രികൾ, സ്കൂളുകൾ തുടങ്ങിയ മുൻഗണനാ മേഖലകൾക്ക് മാത്രമായി വാണിജ്യ സിലിണ്ടറുകൾ പരിമിതപ്പെടുത്താനാണ് തീരുമാനം.

പെരിന്തൽമണ്ണയും പരിസര പ്രദേശങ്ങളിലും വരും ദിവസങ്ങളിൽ ക്ഷാമം കൂടുതൽ രൂക്ഷമാകാനാണ് സാധ്യത. ഗ്യാസ് ലഭ്യത ഉറപ്പാക്കാൻ എണ്ണക്കമ്പനികൾ അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും, നിലവിലെ സാഹചര്യം ജനങ്ങളെ കടുത്ത ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *