
Perinthalmanna Radio
Date: 11-03-2026
പട്ടിക്കാട് : പതിറ്റാണ്ടുകളായുള്ള കാത്തിരിപ്പിന് ഒടുവിൽ വെള്ളിയാറിന്റെ മണിയാണീരിക്കടവിലെ കല്ലടക്കടവിൽ ചെക്ക് ഡാം യാഥാർഥ്യമായി.
മേലാറ്റൂർ -കീഴാറ്റൂർ ഗ്രാമപ്പഞ്ചായത്തുകളിലെ ജലക്ഷാമത്തിനു പരിഹാരം കാണാനായി 2021-22 സമ്പത്തിക വർഷത്തിൽ സംസ്ഥാന ബജറ്റിൽ വകയിരുത്തിയ 3.22 കോടി രൂപ ചെലവിലാണ് ചെക്ക് ഡാം നിർമിച്ചത്. 49 മീറ്റർ നീളത്തിലും 1.80 മീറ്റർ ഉയരത്തിലും എഫ്.ആർ.പി. ഷട്ടറുകളോടു കൂടിയാണ് ചെക്ക് ഡാം നിർമിച്ചിട്ടുള്ളത്. ചെക്ക് ഡാമിൽ പൂർണ തോതിൽ വെള്ളം സംഭരിക്കുമ്പോൾ മുകൾ ഭാഗത്തേക്ക് മൂന്നു കിലോമീറ്ററോളം ദൂരം ചെമ്മാണിയോട് പാലം വരെ പുഴ ജലസമൃദ്ധമാകും. ഇത് പുഴക്ക് ഇരു വശത്തുമുള്ള 100 ഹെക്ടറോളം വരുന്ന കൃഷിഭൂമികൾക്ക് ഏറെ ഗുണംചെയ്യും.
സമീപത്തെ വിവിധ കുടിവെള്ള പദ്ധതികളുടെ കിണറുകളിലും വീടുകളിലെ കിണറുകളിലും ജലലഭ്യത ഉറപ്പു വരുത്തുകയുംചെയ്യും. വേനലിൽ വെള്ളിയാറിൽ നീരൊഴുക്കു കുറയുമ്പോൾ പുഴയ്ക്കുകുറുകെ താത്കാലിക തടയണ നിർമിച്ചാണ് വെള്ളം കെട്ടിനിർത്തിയിരുന്നത്. ചെക്ക്ഡാം യാഥാർഥ്യമായതോടെ ഇനി അതിന്റെ ആവശ്യമില്ല. ചെക്ക് ഡാം വ്യാഴാഴ്ച മൂന്നിന് മന്ത്രി വി. അബ്ദുറഹ്‌മാൻ ഉദ്ഘാടനംചെയ്യും. മന്ത്രി റോഷി അഗസ്റ്റിൻ മുഖ്യ പ്രഭാഷണം നടത്തും. നജീബ് കാന്തപുരം എം.എൽ.എ. അധ്യക്ഷനാവും.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
