പൂക്കിപ്പറമ്പ് ബസ് ദുരന്തം നടന്നിട്ട് ഇന്നേക്ക് 25വർഷം

Share to


Perinthalmanna Radio
Date: 11-03-2026

തിരൂരങ്ങാടി: ദേശീയ പാതയിൽ സ്വകാര്യ ബസ് മറിഞ്ഞ് തീപിടിച്ച് 44 യാത്രക്കാർ വെന്തു മരിച്ച പൂക്കിപ്പറമ്പ് ബസ് ദുരന്തം നടന്നിട്ട് 25വർഷം. ഗുരുവായൂരിൽ നിന്ന് തലശ്ശേരിയിലേക്ക് പോ കുകയായിരുന്ന ‘പ്രണവം’ ബസ് 2001 മാർ ച്ച് 11നാണ് പൂക്കിപ്പറമ്പിൽ നിയന്ത്രണം വിട്ട് കാറിൽ ഇടിച്ചു മറിഞ്ഞ് അഗ്നിഗോളമായത്. പലയിടങ്ങളിലേക്കായി യാത്ര തിരിച്ചിരുന്ന 44പേർ വെന്തുമരിച്ച അപകടമായിരുന്നു അന്നുണ്ടായത്. അപകടമറിഞ്ഞ് ഓടിക്കൂടിയവർ തീനാളങ്ങൾക്ക് ഇടയിൽ രക്ഷാ പ്രവർത്തനം നടത്താൻ കഴിയാതെ നിസ്സഹായരായതും പൂക്കിപ്പറമ്പ് ദുരന്തത്തിൻ്റെ നടുക്കുന്ന ഓർമ്മക ളാണ്.

തീയണച്ചതിന് ശേഷം, ബസ്സിനുള്ളിൽ നിന്ന് കുന്നുകൂടിക്കിടന്ന വെന്തുമരിച്ച മൃതദേഹങ്ങൾ പുറത്തെടുത്ത രക്ഷാ പ്രവർത്തകരും നാട്ടുകാരും ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത ദുരന്തത്തേയാണ് അന്നു നേരിട്ടത്. തീ ആളിപ്പടരുന്നതിന് മുൻപ് ബസ്സിൽ നിന്ന് ചിലർക്ക് ചാടി രക്ഷപ്പെടാൻ കഴിഞ്ഞിരുന്നു. യാത്രയിൽ കൂടെയുണ്ടായിരുന്ന ഉറ്റവരെ രക്ഷപ്പെടുത്തി ഒടുവിൽ സ്വയം രക്ഷപ്പെടാനാകാതെ തീയിലമർന്നവരും പൂക്കിപ്പറമ്പ് ദുരന്തത്തിലെ ഇന്നും നീറുന്ന ഓർമ്മകളാണ്.

ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങിയവർ, ബന്ധുവീടുകളിൽ പോയി മടങ്ങിയവർ, ജോലി സ്ഥലത്ത് നിന്ന് വീടുകളിലേക്ക് മടങ്ങിയവർ….. നമുക്കിടയിൽ ജീവിച്ചിരുന്നവർ അന്ന് യാത്ര പൂർത്തിയാക്കാൻ ആകാതെ മരണത്തിനു കീഴടങ്ങി. സംസ്ഥാനത്തെ ഏറ്റവും വലിയ ബസ് ദുരന്തങ്ങളിൽ ഒന്നായിരുന്നു പൂക്കിപ്പറമ്പ് ദുരന്തം.
അപകടങ്ങൾക്ക് ഇടയാക്കുന്ന വാഹനങ്ങളിലെയും റോഡിലെയും പോരായ്‌മകൾ പരിഹരിക്കുമെന്നതും കൂടുതൽ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കും എന്നതും ഒക്കെ നമ്മുടെ റോഡിൽ ഇപ്പോഴും ചിലതെങ്കിലും ചടങ്ങുകൾ മാത്രമാണെന്ന ആശങ്കകൾ ബാക്കിയാണ്.

പൂക്കിപ്പറമ്പ് ബസ് ദുരന്തത്തിൽപ്പെട്ട ‘പ്രണവം’ ബസ് ഓടിച്ചിരുന്ന ഡ്രൈവറെ അഞ്ചു വർഷം തടവിനും രണ്ടു ലക്ഷം പിഴയടയ്ക്കാനും ഹൈക്കോടതി ശിക്ഷിച്ചു. രാമനാട്ടുകര സ്വദേശി സുധീർ കുമാറിൻ്റെ പേരിൽ നരഹത്യയ്ക്ക്താണ് കേസെടുത്തത്. അമിത വേഗത്തിൽ അപകടകരമായി ബസ് ഓടിച്ചതാണ് അപകടത്തിന് ഇടയാക്കിയതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ജസ്റ്റിസ് എ. ബദറുദ്ദീൻ ശിക്ഷ വിധിച്ചത്. ബസിൻ്റെ വേഗം കുറയ്ക്കാൻ യാത്രക്കാർ ആവശ്യപ്പെട്ടിട്ടും ഡ്രൈവർ സുധീർ തയ്യാറായില്ലെന്നും കോടതി വിലയിരുത്തിയിരുന്നു. 2001 മാർച്ച് നടന്ന അപകടത്തെ തുടർന്നുണ്ടായ കേസിലാണ് കഴിഞ്ഞ രണ്ടിന് ഹൈക്കോടതി ശിക്ഷ വിധിച്ചത്. വിചാരണക്കോടതി രണ്ടു വർഷം തടവിന് ശിക്ഷിച്ചതിനെതിരേ സർക്കാർ നൽകിയ അപ്പീൽ അനുവദിച്ചാണ് ഹൈക്കോടതി ശിക്ഷ വർധിപ്പിച്ചത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *