
Perinthalmanna Radio
Date: 14-03-2026
അങ്ങാടിപ്പുറം∙ വള്ളുവനാട്ടിലെ പൂരങ്ങളുടെ പൂരമായി അറിയപ്പെടുന്ന തിരുമാന്ധാംകുന്ന് പൂരം 25 മുതൽ ഏപ്രിൽ 4 വരെ 11 ദിവസങ്ങളിലായി നടക്കും. പൂരനാളുകളിൽ രാവിലെയും രാത്രിയിലുമുള്ള ഭഗവതിയുടെ ആറാട്ടെഴുന്നള്ളിപ്പുകളാണ് വിശേഷം. പൂരാഘോഷത്തിന് മുന്നോടിയായി 16 മുതൽ 23 വരെ ദ്രവ്യകലശം നടക്കും. 24ന് തിരുമാന്ധാംകുന്ന് ദേവസ്വം കീഴേടം വേട്ടയ്‌ക്കരൻ ക്ഷേത്രത്തിൽ തന്ത്രി പന്തലക്കോടത്ത് നാരായണൻ നമ്പൂതിരി, സജി നമ്പൂതിരി എന്നിവരുടെ കാർമികത്വത്തിൽ വിശേഷാൽ പൂജകൾ നടക്കും.
തിരുമാന്ധാംകുന്ന് ക്ഷേത്രം ശ്രീമൂലസ്ഥാനത്ത് രാവിലെ 6 മുതൽ ലളിതാ സഹസ്രനാമ ലക്ഷാർച്ചനയും രാത്രി 8ന് രോഹിണിപ്പാട്ടും ഉണ്ടാകും. 25ന് രാവിലെ 10ന് ആണ് പൂരം പുറപ്പാട്. 26ന് രണ്ടാം പൂരനാളിൽ വൈകിട്ട് 5.30നു സാംസ്‌കാരിക സമ്മേളനം മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് ഒ.കെ.വാസു ഉദ്ഘാടനം ചെയ്യും. മലബാർ ദേവസ്വം ബോർഡ് കമ്മിഷണർ ടി.സി.ബിജു അധ്യക്ഷത വഹിക്കും. ചടങ്ങിൽ മാന്ധാദ്രി പുരസ്‌കാരം നടൻ ഇന്ദ്രൻസിനു സമർപ്പിക്കും. രാത്രി 9ന് പൂരപ്പറമ്പ് ഓപ്പൺ ഓഡിറ്റോറിയത്തിൽ കേരള കലാക്ഷേത്രയുടെ നൃത്തശിൽപം നാട്യധോരിണി അരങ്ങേറും.
മൂന്നാം പൂര ദിനമായ 27ന് വൈകിട്ട് 7ന് കൊടിയേറ്റം, രാത്രി 9.30ന് കുഴൽമന്ദം ജി.രാമകൃഷ്ണനും സംഘവും ഒരുക്കുന്ന ഗ്രാൻഡ് മ്യൂസിക് തരംഗ് ഫ്യൂഷൻ, നാലാം പൂരത്തിന് വൈകിട്ട് 5.30ന് ടീം സമർപ്പണയുടെ ഭജനാമൃതം, ഡോ.എ.സി.പ്രിയദർശിനിയുടെ ക്ലാസിക്കൽ നൃത്തം, കൃഷ്‌ണ കീർത്തനയുടെ തിരുവാതിരക്കളി, വൈകിട്ട് 7ന് പൂരം മുളയിടൽ, രാത്രി തോൽപാവക്കൂത്ത് എന്നിവ നടക്കും. അഞ്ചാം പൂര നാളിൽ രാത്രി 10ന് കോട്ടയ്ക്കൽ പിഎസ്‌വി നാട്യസംഘത്തിന്റെ കഥകളി. ആറാം പൂര നാളിൽ രാത്രി 9.30ന് പിന്നണി ഗായകൻ വിപിൻനാഥ് നയിക്കുന്ന മെഗാ ഗാനമേള, എട്ടാം പൂര ദിവസം രാവിലെ ശിവന്റെയും ഭഗവതിയുടെയും ആറാട്ട്, വൈകിട്ട് ചെങ്കോട്ട ഹരിഹരസുബ്രഹ്‌മണ്യവും സംഘവും അവതരിപ്പിക്കുന്ന സംഗീതകച്ചേരി.
ഒൻപതാം പൂര നാളിൽ രാത്രി പിന്നണി ഗായകൻ പ്രണവം ശശിയും സംഘവും നാടൻപാട്ടുകൾ ഒരുക്കും. പത്താം പൂത്തിന് പഞ്ചാരിമേളത്തോടെ എഴുന്നള്ളത്തും വൈകിട്ട് പള്ളിവേട്ടയും നടക്കും. പതിനൊന്നാം പൂരത്തിന് വൈകിട്ടു വിവിധ ദേശവേലകളുടെ സംഗമം അനുബന്ധ പൂരമായി നാടുണർത്തും. പൂരനാളുകളിൽ ദിവസവും 15,000 പേർക്ക് അന്നദാനത്തിനുള്ള സൗകര്യം ദേവസ്വം ഒരുക്കിയതായും പൂര നഗരിയിലും പരിസരങ്ങളിലും പ്ലാസ്‌റ്റിക് ഉപയോഗം ഒഴിവാക്കണമെന്നും ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫിസർ എം.വേണുഗോപാൽ, അസി. മാനേജർ എ.എൻ.ശിവപ്രസാദ്, പി.ഗിരി, ആർ.ബിജു, വി.കെ.ദിലീപ്, കെ.ടി.അനിൽകുമാർ, പി.സി.ദീപേഷ് എന്നിവർ അറിയിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
