
Perinthalmanna Radio
Date: 14-03-2026
മങ്കട: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മങ്കട മണ്ഡലത്തിൽ പുതിയ രാഷ്ട്രീയ സമവാക്യങ്ങൾ രൂപപ്പെടുന്നു. മുസ്ലിം ലീഗ് മങ്കട മണ്ഡലം പ്രസിഡന്റ് കുന്നത്ത് മുഹമ്മദിനെ സി.പി.എം സ്വതന്ത്ര സ്ഥാനാർത്ഥിയായി രംഗത്തിറക്കാൻ നീക്കം നടത്തുന്നതായാണ് സൂചനകൾ. വർഷങ്ങൾക്ക് മുമ്പ് മഞ്ഞളാംകുഴി അലിയിലൂടെ പയറ്റിയ അതേ രാഷ്ട്രീയ തന്ത്രം കുന്നത്ത് മുഹമ്മദിലൂടെ ആവർത്തിക്കാനാണ് സി.പി.എം ലക്ഷ്യമിടുന്നത്.
മഞ്ഞളാംകുഴി അലി തന്നെ മങ്കടയിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയാവുകയാണെങ്കിൽ, കുന്നത്ത് മുഹമ്മദ് ഇടത് പക്ഷത്തോടൊപ്പം ചേർന്ന് മത്സരിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. സി.പി.എം സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുമെന്നാണ് കരുതുന്നത്.
അതേസമയം, ഇത്തരം നീക്കങ്ങളെ ലീഗ് നേതൃത്വം തള്ളിക്കളഞ്ഞു. പാർട്ടിയിൽ നിൽക്കുമ്പോൾ മാത്രമാണ് വ്യക്തികൾക്ക് വിലയുണ്ടാവുകയെന്നും പാർട്ടിക്ക് പുറത്തുപോയാൽ അവർ പൂജ്യമാകുമെന്നും അങ്ങാടിപ്പുറം പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് അബുത്വാഹിർ തങ്ങൾ പ്രതികരിച്ചു. യു.ഡി.എഫ് സ്ഥാനാർത്ഥി ആരായാലും മണ്ഡലത്തിൽ ശക്തമായ മുന്നേറ്റം നടത്തുമെന്നും, കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയം നിയമസഭയിലും ആവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുന്നത്ത് മുഹമ്മദിന്റെ സ്ഥാനാർത്ഥിത്വ ചർച്ചകൾ സി.പി.എം പ്രവർത്തകർക്കിടയിൽ ചില അസ്വാരസ്യങ്ങൾക്ക് കാരണമായിട്ടുണ്ടെങ്കിലും, മണ്ഡലം പിടിച്ചെടുക്കാൻ കടുത്ത പോരാട്ടത്തിനാണ് ഇടത് ക്യാമ്പ് ഒരുങ്ങുന്നത്. കഴിഞ്ഞ തവണ നേരിയ ഭൂരിപക്ഷത്തിൽ വിജയിച്ച മഞ്ഞളാംകുഴി അലിക്ക് കുന്നത്ത് മുഹമ്മദിന്റെ വരവ് വലിയ വെല്ലുവിളിയാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
നേരത്തെ മഞ്ഞളാംകുഴി അലിയെ ഇടതുപക്ഷം സ്വതന്ത്രനാക്കി മത്സരിപ്പിച്ച് വിജയിപ്പിച്ചിരുന്നു. 2021ലെ തെരഞ്ഞെടുപ്പിൽ ടി കെ റഷീദലിയെയാണ് സിപിഐഎം ഇവിടെ മത്സരിപ്പിച്ചത്. പെരിന്തൽമണ്ണയിൽ നിന്ന് മണ്ഡലം മാറിയെത്തിയ മുസ്ലിം ലീഗിൻ്റെ മഞ്ഞളാകുഴി അലി 6246 വോട്ടിന് ഇവിടെ വിജയിച്ചിരുന്നു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
