
Perinthalmanna Radio
Date: 15-03-2026
മലപ്പുറം: പശ്ചിമേഷ്യൻ യുദ്ധപശ്ചാത്തലത്തിൽ പാചകവാതക പ്രതിസന്ധിയെ തുടർന്ന് ജില്ലയിലുടനീളം സിലിണ്ടർ ക്ഷാമം രൂക്ഷം. ഹോട്ടലുകൾക്ക് പുറമെ വീട്ടാവശ്യത്തിനും സിലിണ്ടറുകൾ കിട്ടാതെയുമായി. ബുക്ക് ചെയ്യാൻ ഏജൻസിയിലേക്ക് ഉപഭോക്താക്കളുടെ ഒഴുക്കാണ്. സിലിണ്ടറുമായി ക്യൂ നിൽക്കുന്ന കാഴ്ചയാണ് മിക്ക ഏജൻസികളിലും മുന്നിലുള്ളത്. ബുക്ക് ചെയ്യാൻ കഴിയാത്തതിനാലാണ് ഏജൻസികളിൽ ആളുകൾ കാത്തുനിൽക്കുന്നത്. പുതിയ ബുക്കിങ് സ്വീകരിക്കുന്നില്ലെന്ന് ഗ്യാസ് ഏജൻസി അധികൃതർ അറിയിക്കുന്നുണ്ടെങ്കിലും ആളുകൾ പിരിഞ്ഞു പോകുന്നില്ല.
ജില്ലയിലേക്ക് സിലിണ്ടറുകളെത്തിക്കുന്ന ചേളാരി ഐ.ഒ.സി എൽ.പി.ജി ബോട്ലിങ് ലോഡ് വാണിജ്യ പ്ലാന്റ് പ്രവർത്തനം അനിശ്ചിതത്വത്തിലായതാണ് പ്രതിസന്ധിക്ക് കാരണം. കാസർകോട് മുതൽ തൃശൂർ വരെയുള്ള വീടുകൾക്കും വാണിജ്യ സ്ഥാപനങ്ങൾക്കുമുള്ള ഗ്യാസ് നിറയ്ക്കുന്നത് തേഞ്ഞിപ്പലം ഇൻഡേൻ ബോട്ലിങ് പ്ലാന്റിലാണ്. 2800 മെട്രിക് ടൺ പാചകവാതക സംഭരണ ശേഷിയുള്ള പ്ലാന്റാണിത്. സിലിണ്ടറുകൾ ബുക്ക് ചെയ്ത ദിവസങ്ങൾക്കുള്ളിൽ തന്നെ ഉപഭോക്താക്കൾക്ക് ലഭ്യമായിരുന്നു. എന്നാൽ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ദിവസങ്ങളായി പ്രതിസന്ധി രൂക്ഷമാണ്.
35 ലോഡ് വാണിജ്യ സിലിണ്ടറുകളിൽ ഗ്യാസ് നിറയ്ക്കുന്ന സ്ഥാനത്തിന്നീന്ന് മൂന്ന് ലോഡ് വാണിജ്യ സിലിണ്ടറുകളാണ് ഗ്യാസ് നിറച്ച് ഏജൻസികളിലേക്ക് അയച്ചുകൊണ്ടിരുന്നത്. ദിവസങ്ങളായി ഫില്ലിങ് നിരോധനമുള്ളതിനാൽ ഗ്യാസ് സിലിണ്ടറുകൾ ഏജൻസികളിലേക്ക് അയക്കാനും കഴിഞ്ഞിരുന്നില്ല. ആശുപത്രി, വിദ്യാലയങ്ങൾ, ശ്മശാനം തുടങ്ങി അവശ്യ സേവന മേഖലകളിൽ ഗ്യാസ് ലഭ്യത ഉറപ്പുവരുത്തുന്നതിനാലാണ് മൂന്ന് ലോഡ് വാണിജ്യ സിലിണ്ടറുകളിൽ കഴിഞ്ഞ ദിവസം ഗ്യാസ് നിറച്ചത്.
വീട്ടാവശ്യത്തിനുള്ള സിലിണ്ടറുകളുടെ എണ്ണവും വെട്ടിക്കുറക്കുന്നുണ്ട്. വീട്ടാവശ്യത്തിനുള്ള 40,000 സിലിണ്ടറുകൾ വരെ നിറച്ച് മലബാറിലെ വീടുകളിലേക്ക് വിതരണം ചെയ്യാനായി ഏജൻസികളിലേക്ക് അയച്ചിരുന്ന സ്ഥാനത്ത് ഇപ്പോൾ അതിന്റെ പകുതി സിലിണ്ടറുകൾ പോലും അയക്കാനാകുന്നില്ല. ഇതൊന്നും അറിയാതെ ഗ്യാസ് സിലിണ്ടറുകൾ ഏജൻസിയിൽ എത്തുമെന്ന പ്രതീക്ഷയിലാണ് ജനം.
വാണിജ്യ പാചകവാതകത്തിന്റെ വിതരണത്തിൽ കേന്ദ്രം കടുത്ത നിയന്ത്രണം വരുത്തിയതോടെ ജില്ലയിലെ ഹോട്ടലുകളുടെയും കാറ്ററിങ് യൂണിറ്റുകളും അടച്ചുപൂട്ടലിന്റെ വക്കിൽ. ഗ്യാസ് സിലിണ്ടർ കിട്ടാത്തതിനാൽ കച്ചവട സ്ഥാപനങ്ങൾ നിലനില്പ് ഭീഷണിയിലാണ്. പ്രതിദിനം പത്ത് മുതൽ 20 വരെ സിലിണ്ടറുകൾ ഉപയോഗിക്കുന്ന ഹോട്ടലുകളുണ്ട്. പുതിയ അവശ്യ സർവീസ് നിയമപ്രകാരം ഒരേ സമയം അഞ്ച് സിലിണ്ടർ മാത്രമേ കൈവശം വയ്ക്കാൻ കഴിയൂ.
സിലിണ്ടറുകളുടെ ലഭ്യത ഗണ്യമായി കുറഞ്ഞതോടെ പല ഹോട്ടലുകളും റെസ്റ്റോറന്റുകളും അടച്ചുതുടങ്ങി. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഹിന്ദുസ്ഥാൻ പെട്രോളിയം, ഭാരത് പെട്രോളിയം തുടങ്ങിയ കമ്പനികളുടെ വാണിജ്യ സിലിണ്ടറുകൾ ലഭ്യല്ലാത്തതാണ് പ്രതിസന്ധിക്കിടയാക്കുന്നത്. ഹോട്ടലുകൾ അടക്കുന്നത് ഈ മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികളെയും ബാധിച്ചിട്ടുണ്ട്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
