
Perinthalmanna Radio
Date: 17-03-2026
പെരിന്തൽമണ്ണ : നിലമ്പൂർ- ഷൊർണ്ണൂർ റെയിൽ പാതയിൽ ഏറെ മാറ്റം പ്രതീക്ഷിക്കുന്ന കുലുക്കല്ലൂർ ക്രോസിങ്ങ് സ്റ്റേഷൻ പണി അന്തിമ ഘട്ടത്തിലേക്ക്. ഒന്നാം പാളവും രണ്ടാം പാളവും ബന്ധിപ്പിക്കുന്ന പണികളാണ് നടന്നു വരുന്നത്. ഇത് പൂർത്തിയായാൽ അധികം വൈകാതെ ക്രോസിങ്ങ് സ്റ്റേഷൻ യാഥാർത്ഥ്യമാവും.
16.15 കോടി രൂപ മുടക്കിയാണ് കുലുക്കല്ലൂർ ക്രോസിങ്ങ് സ്റ്റേഷൻ പണികൾ നടത്തുന്നത്. 66 കിലോമീറ്റർ ദൈർഘ്യമുള്ള നിലമ്പൂർ ഷൊർണ്ണൂർ പാതയിൽ നിലവിൽ ആദ്യ ക്രോസിങ്ങ് സ്റ്റേഷൻ ഷൊർണ്ണൂരിൽ നിന്ന് 28 കിലോമീറ്റർ അകലെയുള്ള അങ്ങാടിപ്പുറത്തും, രണ്ടാമത്തേത് വീണ്ടും അത്രയും ദൂരം അകലെയുള്ള വാണിയമ്പലത്തുമാണ്.
ഇതിനിടയിൽ മേലാറ്റൂരും, കുലുക്കല്ലൂരും രണ്ട് ക്രോസിങ്ങ് സ്റ്റേഷനുകൾ നിർമ്മാണം ആരംഭിച്ചതാണ്. ഇതിൽ കുലുക്കല്ലൂരിലെ ജോലികൾ അതിവേഗം മുന്നേറിയപ്പോൾ മേലാറ്റൂരിലെ ക്രോസിങ്ങ് സ്റ്റേഷൻ പണികൾ വേണ്ട പോലെ പുരോഗമിച്ചില്ല.
കുലുക്കല്ലൂരിൽ ഒന്നാം പാതയ്ക്ക് സമീപം 970 മീറ്റർ നീളത്തിൽ രണ്ടാം പാത നിർമ്മാണമാണ് നടത്തിയത്. ഇതോടൊപ്പം, സ്റ്റേഷൻ ഓഫീസ്, സിഗ്നൽ സ്റ്റേഷൻ എന്നിവയും നിർമ്മിക്കും. ഒപ്പം പുതുതായി ജീവനക്കാരെയും നിയമിക്കേണ്ടി വരും.
കുലുക്കല്ലൂരിലും, മേലാറ്റൂരും ക്രോസിങ്ങ് സ്റ്റേഷനുകൾ വരുന്നതോടെ കൂടുതൽ ട്രെയിനുകൾ ഈ പാതയിലൂടെ സർവ്വീസ് നടത്താനാകും. ഒപ്പം 66 കിലോമീറ്ററിനിടയിൽ നാല് ക്രോസിങ്ങ് സ്റ്റേഷൻ വരുന്നത് കൂടുതൽ യാത്ര, ചരക്ക് വണ്ടികൾക്ക് ഇരുഭാഗത്തേക്കും കടന്ന് പോകാനും വഴിയൊരുക്കും.
നിലവിൽ 14 ട്രെയിൻ സർവ്വീസുകളാണ് നിലമ്പൂർ, ഷൊർണ്ണൂർ ഭാഗത്തേക്ക് ഓടുന്നത്. ഒപ്പം അങ്ങാടിപ്പുറം എഫ്.സി.ഐ ഗോഡൗണിലേക്ക് ധാന്യങ്ങളുമായി എത്തുന്ന ഗുഡ്സ് വാഗണുകൾക്കും പുതിയ ക്രോസിങ്ങ് സ്റ്റേഷനുകൾ ഏറെ സഹായകമാകും.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
