
Perinthalmanna Radio
Date: 19-03-2026
പെരിന്തൽമണ്ണ: വ്രതവിശുദ്ധിയുടെ മാസമായ റമസാൻ പരിസമാപ്തിയിലേക്ക്. റമസാൻ 29 ആയ ഇന്ന് സൂര്യാസ്തമയത്തിനു ശേഷം മാസപ്പിറവി നോക്കാൻ വിവിധ ഖാസിമാരും മതനേതാക്കളും ആഹ്വാനം ചെയ്തിട്ടുണ്ട്. ഇന്ന് മാസപ്പിറ കണ്ടാൽ നാളെ ഈദുൽ ഫിത്ർ അഥവാ ചെറിയ പെരുന്നാൾ. മാസപ്പിറവി കണ്ടില്ലെങ്കിൽ റമസാൻ 30 വ്രതം പൂർത്തിയാക്കി ശനിയാഴ്ചയാകും പെരുന്നാൾ.
റമസാനിലെ ലൈലത്തുൽ ഖദ്റിന് സാധ്യത കൽപിക്കപ്പെട്ട അവസാന പത്തിലെ ഒറ്റയിട്ട രാവുകൾ ഇന്നലെയോടെ സമാപിച്ചു. നാളെ പെരുന്നാളായില്ലെങ്കിൽ റമസാനിലെ അവസാന വെള്ളിയാഴ്ചയെന്ന പ്രാധാന്യവുമുണ്ട്.
ഇന്ന് സൂര്യാസ്തമയം കഴിഞ്ഞ് 20 മിനിറ്റ് ചന്ദ്രൻ ആകാശത്തുണ്ടാകും. അതേസമയം മാസപ്പിറവി ദൃശ്യമാകുമോയെന്നത് പല ഘടകങ്ങളെ ആശ്രയിച്ചാണിരിക്കുന്നതെന്ന് വിദഗ്ധർ പറയുന്നു. കഴിഞ്ഞ ദിവസങ്ങളിലായി കാർമേഘങ്ങളുമുണ്ട്. അതുകൊണ്ടു തന്നെ ഖാസിമാരും വിവിധ സംഘടനാ ഘടകങ്ങളും മാസപ്പിറവി ഉറപ്പിക്കുന്നതുവരെ കാത്തിരിപ്പു തുടരും.
നാട് ഇതിനോടകം പെരുന്നാൾ തിരക്കിലേക്ക് നീങ്ങിക്കഴിഞ്ഞു. പുതുവസ്ത്രങ്ങളെടുക്കാൻ രാത്രി വൈകിയും ആളുകളെത്തിയതോടെ ജില്ലയിലെ അങ്ങാടികളും നഗരങ്ങളും കഴിഞ്ഞ ദിവസങ്ങളിൽ പുലർച്ചെ വരെ പ്രവർത്തിച്ചിരുന്നു.
പെരുന്നാളിന്റെ അവസാനഘട്ട ഒരുക്കങ്ങൾക്കായി ജനം ഒഴുകുമെന്നതിനാൽ ഇന്ന് ഉച്ചയ്ക്കു ശേഷം നാടും നഗരവും തിരക്കിലമരും.
പെരുന്നാൾ നമസ്കാരത്തിനായി വിവിധയിടങ്ങളിൽ ഈദ്ഗാഹുകൾ ഒരുക്കുന്നുണ്ട്. പള്ളികളിലും ഒരുക്കങ്ങൾ ഇന്ന് പൂർത്തിയാകും.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
