
Perinthalmanna Radio
Date: 22-03-2026
പെരിന്തൽമണ്ണ: കടുത്ത വേനൽ ചൂടിന് ആശ്വാസം തേടിയും പെരുന്നാൾ ആഘോഷങ്ങൾക്ക് മാറ്റു കൂട്ടാനും സന്ദർശകരുടെ വൻ തിരക്കിൽ എളാട് ചെക്ക് ഡാം അമർന്നു. പാലക്കാട് – മലപ്പുറം ജില്ലകളുടെ അതിർത്തി പങ്കിടുന്ന കുന്തിപ്പുഴയിലെ ഈ മനോഹര തീരം പെരുന്നാൾ ദിനത്തിൽ സന്ദർശകരെക്കൊണ്ട് നിറഞ്ഞു കവിഞ്ഞു. ചെർപ്പുളശേരി, പെരിന്തൽമണ്ണ ഭാഗങ്ങളിൽ നിന്നായി നൂറുകണക്കിന് ആളുകളാണ് വൈകുന്നേരങ്ങളിൽ ഇവിടെ എത്തുന്നത്. ഒഴിവ് ദിനങ്ങളിൽ കുടുംബസമേതം സമയം ചെലവഴിക്കാനെത്തുന്നവരുടെ എണ്ണം വർധിച്ചിട്ടും അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് ഇപ്പോഴും സന്ദർശകർക്ക് പ്രതിസന്ധിയായി തുടരുകയാണ്.
കുന്തിപ്പുഴയുടെ മനോഹരമായ കാഴ്ചയും ചെക്ക് ഡാമിലെ തണുത്ത വെള്ളവും സന്ദർശകർക്ക് വേറിട്ട അനുഭവം നൽകുന്നുണ്ട്. ഡാമിന് തൊട്ടടുത്തുള്ള ആനപ്പാറയും നരിമടയും പ്രകൃതി സ്നേഹികൾക്ക് പ്രിയപ്പെട്ട ഇടങ്ങളാണ്. പ്രദേശത്തെ ടൂറിസം വികസനത്തിനായി നിരവധി പദ്ധതികൾ പ്രഖ്യാപിക്കപ്പെട്ടെങ്കിലും അവയൊന്നും ഇതുവരെ നടപ്പിലായിട്ടില്ല. എളാടിനേയും മപ്പാട്ടുകരയേയും ബന്ധിപ്പിച്ച് ഒരു തൂക്കുപാലം വന്നാൽ അത് ടൂറിസം രംഗത്ത് വലിയ മാറ്റമുണ്ടാക്കും. കുട്ടികൾക്കായുള്ള മിനി പാർക്ക്, ബോട്ടിംഗ് സൗകര്യം, സഞ്ചാരികളുടെ സുരക്ഷയ്ക്കായി ഗാർഡുമാർ എന്നിവ ഉറപ്പാക്കിയാൽ ഈ പ്രദേശം ഇരു ജില്ലകളിലെയും പ്രധാന വിനോദസഞ്ചാര കേന്ദ്രമായി മാറും.
https://www.instagram.com/reel/DWJlSO4Exn4/?igsh=bjdxcWFhOTltcTgy
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
