
Perinthalmanna Radio
Date: 27-03-2026
മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ പത്രിക പിൻവലിക്കാനുള്ള അവസാന ദിനത്തില്‍ മങ്കട മണ്ഡലത്തിലെ എസ്.ഡി.പി.ഐ സ്ഥാനാർഥി സി.എച്ച്. അഷ്റഫ് പത്രിക പിൻവലിച്ചു. ഇതോടെ മങ്കടയില്‍ മത്സരരംഗത്തുള്ള സ്ഥാനാർഥികളുടെ എണ്ണം നാലായി ചുരുങ്ങി. മഞ്ചേശ്വരത്തിന് പിന്നാലെയാണ് മങ്കടയിലും സ്ഥാനാർഥിയെ പിൻവലിക്കാൻ പാർട്ടി നേതൃത്വം തീരുമാനിച്ചത്.
മങ്കടയില്‍ ഇനി നാല് സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. മഞ്ഞളാംകുഴി അലി (യു.ഡി.എഫ് – സിറ്റിങ് എം.എല്‍.എ), കുന്നത്ത് മുഹമ്മദ് (എല്‍.ഡി.എഫ് സ്വതന്ത്രൻ), ലിജോയ് പോള്‍ (എൻ.ഡി.എ) ഇവർക്ക് പുറമെ ഒരു സ്വതന്ത്ര സ്ഥാനാർഥിയും രംഗത്തുണ്ട്.
മലപ്പുറം ജില്ലയിലെ 16 മണ്ഡലങ്ങളില്‍ എട്ടിടത്ത് മത്സരിക്കാനായിരുന്നു എസ്.ഡി.പി.ഐ ആദ്യം തീരുമാനിച്ചിരുന്നത്. മങ്കടയില്‍ പത്രിക പിൻവലിച്ചതോടെ ഇത് ഏഴായി കുറഞ്ഞു. കോട്ടക്കല്‍, തവനൂർ, കൊണ്ടോട്ടി, ഏറനാട്, മലപ്പുറം, പൊന്നാനി, വള്ളിക്കുന്ന് എന്നീ മണ്ഡലങ്ങളിലാണ് ഇനി മത്സരിക്കുന്നത്. വേങ്ങര മണ്ഡലത്തില്‍ ഇടത് സ്വതന്ത്രൻ സബാഹിന് എസ്.ഡി.പി.ഐ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ബാക്കി 9 മണ്ഡലങ്ങളില്‍ ആർക്ക് വോട്ട് ചെയ്യണമെന്ന കാര്യം പിന്നീട് തീരുമാനിക്കും.
ഫാഷിസത്തെ പരാജയപ്പെടുത്തുക എന്ന വിശാല താല്പര്യം മുൻനിർത്തിയാണ് മഞ്ചേശ്വരത്തും മങ്കടയിലും പത്രിക പിൻവലിച്ചതെന്ന് എസ്.ഡി.പി.ഐ നേതാക്കള്‍ വാർത്താസമ്മേളനത്തില്‍ വ്യക്തമാക്കി. മുസ്ലിം കോഓഡിനേഷൻ കണ്‍വീനർ ഉള്‍പ്പെടെയുള്ള വിവിധ സംഘടനകളുടെ അഭ്യർത്ഥന മാനിച്ചാണ് ഈ തീരുമാനം. നിലവില്‍ സംസ്ഥാനത്താകെ 45 മണ്ഡലങ്ങളിലാണ് പാർട്ടി മത്സരിക്കുന്നത്. നേതാക്കളുടെ ജയില്‍ മോചനത്തിനോ സാമ്ബത്തിക സ്രോതസ്സ് ഭയന്നോ ആണ് പത്രിക പിൻവലിച്ചതെന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് പാർട്ടി ഭാരവാഹികള്‍ പറഞ്ഞു.
അതേസമയം, മഞ്ചേശ്വരത്ത് പത്രിക പിൻവലിക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് സ്ഥാനാർഥിയായിരുന്ന കെ.എം. അഷ്റഫ് പാർട്ടി ജില്ലാ കമ്മിറ്റിയില്‍ നിന്ന് രാജിവെച്ചു. പത്രിക പിൻവലിക്കാൻ സംസ്ഥാന നേതൃത്വം നല്കിയ നിർദ്ദേശത്തില്‍ അതൃപ്തി രേഖപ്പെടുത്തി അദ്ദേഹം ജില്ലാ കമ്മിറ്റി യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു. നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരമാണ് പത്രിക നല്‍കിയതെന്നും അവർ തന്നെ പിൻവലിക്കാൻ ആവശ്യപ്പെട്ടത് അംഗീകരിക്കാനാവില്ലെന്നും അഷ്റഫ് മാധ്യമങ്ങളോട് പറഞ്ഞു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
