
Perinthalmanna Radio
Date: 27-03-2026
പെരിന്തൽമണ്ണ: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആവേശം കൊടുമുടിയിലെത്തി നിൽക്കുന്ന പെരിന്തൽമണ്ണ മണ്ഡലത്തിൽ ഇത്തവണ എട്ടു സ്ഥാനാർത്ഥികളാണ് മാറ്റുരയ്ക്കുന്നത്. സംസ്ഥാനത്തെ തന്നെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിന് കഴിഞ്ഞ തവണ വിധി നിർണ്ണയിക്കപ്പെട്ട മണ്ഡലം എന്ന നിലയിൽ ഇത്തവണത്തെ പോരാട്ടം ഏറെ ശ്രദ്ധേയമാണ്. യു.ഡി.എഫ് സ്ഥാനാർത്ഥിയായി മുസ്ലീം ലീഗിലെ നജീബ് കാന്തപുരം ‘ഏണി’ അടയാളത്തിലും, എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി സി.പി.ഐ.എമ്മിലെ വി.പി. മുഹമ്മദ് ഹനീഫ ‘ചുറ്റിക അരിവാൾ നക്ഷത്രം’ അടയാളത്തിലും, എൻ.ഡി.എ സ്ഥാനാർത്ഥിയായി ബി.ജെ.പിയിലെ അഡ്വ. കെ.പി. ബാബുരാജ് ‘താമര’ അടയാളത്തിലും ജനവിധി തേടുന്നു.
2021-ലെ തിരഞ്ഞെടുപ്പിൽ വെറും 38 വോട്ടുകൾക്കാണ് മുസ്ലീം ലീഗിലെ നജീബ് കാന്തപുരം എൽ.ഡി.എഫിലെ കെ.പി.എം മുസ്തഫയെ പരാജയപ്പെടുത്തിയത്. സംസ്ഥാനത്തെ ഏറ്റവും ചെറിയ ഭൂരിപക്ഷമായിരുന്നു ഇത്. മുൻപ് 2011-ലും 2016-ലും മഞ്ഞളാംകുഴി അലിയിലൂടെ ലീഗ് മണ്ഡലം നില നിർത്തിയിരുന്നു. ഇത്തവണ പ്രധാന സ്ഥാനാർത്ഥികൾക്ക് ഭീഷണിയായി പേര് സാമ്യമുള്ള സ്വതന്ത്ര സ്ഥാനാർത്ഥികളുടെ വലിയ നിര തന്നെയുണ്ട്. മുസ്ലീം ലീഗ് സ്ഥാനാർത്ഥി നജീബ് കാന്തപുരത്തിന് പുറമെ മൂന്ന് നജീബുമാരാണ് മത്സരരംഗത്തുള്ളത്. ഇതിൽ രണ്ടുപേർ അബ്ദുൾ നജീബ് എന്ന പേരിലും ഒരാൾ നജീബ് എന്ന പേരിലുമാണ് മത്സരിക്കുന്നത്. സമാനമായി സി.പി.ഐ.എം സ്ഥാനാർത്ഥി വി.പി. മുഹമ്മദ് ഹനീഫയ്ക്ക് പുറമെ മുഹമ്മദ് ഹനീഫ, ഹനീഫ എന്നിങ്ങനെ പേരുള്ള രണ്ടുപേർ കൂടി സ്ഥാനാർത്ഥികളായുണ്ട്. അബ്ദുൾ നജീബ് (പ്ലേറ്റ് സ്റ്റാൻഡ്), അബ്ദുൾ നജീബ് (റേസർ), നജീബ് (ഓടക്കുഴൽ), പി. മുഹമ്മദ് ഹനീഫ (ഉരക്കല്ലും കുഴവിയും), ഹനീഫ (പായ്‌വഞ്ചിയും തുഴക്കാരനും) എന്നിവരാണ് സ്വതന്ത്രരായി മത്സരിക്കുന്നത്. മണ്ഡലത്തിൽ ഇത്തവണ ഒരു വനിതാ സ്ഥാനാർത്ഥി പോലും മത്സരരംഗത്തില്ല എന്നതും ശ്രദ്ധേയമാണ്. വരും ദിവസങ്ങളിൽ പ്രചാരണം ശക്തമാകുന്നതോടെ പെരിന്തൽമണ്ണയിലെ രാഷ്ട്രീയ ചിത്രം കൂടുതൽ വ്യക്തമാകും.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
