വള്ളുവനാടിന്റെ മഹാപൂരം ആവേശ നിറവിൽ കൊടിയിറങ്ങി

Share to


Perinthalmanna Radio
Date: 05-04-2026

അങ്ങാടിപ്പുറം:  തിരുമാന്ധാംകുന്നിൽ വള്ളുവനാടിന്റെ മഹാപൂരം ആവേശ നിറവിൽ കൊടിയിറങ്ങി. അനുബന്ധ പൂരം എഴുന്നള്ളിപ്പുകൾ തീർത്ത വർണക്കാഴ്‌ചകളുടെയും വാദ്യമേളങ്ങളുടെയും ക്ഷേത്ര കലാരൂപങ്ങളുടെയും മഹാ സംഗമത്തിന്റെ കാഴ്ചവസന്തം പതിനൊന്നാം പൂരത്തെ അവിസ്മരണീയമാക്കി. അനുബന്ധ പൂരങ്ങളുട‌െ ഭാഗമായി ക്ഷേത്ര നഗരിയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ എഴുന്നള്ളിപ്പുകൾ മുതുവറ മഹാവിഷ്‌ണു ക്ഷേത്ര പരിസരത്ത് സംഗമിച്ചു. ഉച്ചയ്‌ക്ക് ശേഷം അങ്ങാടിപ്പുറത്ത് ദേശീയപാതയിൽ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു.

വൈകിട്ട് കീഴേട‌ം വേട്ടേക്കരൻ കാവിൽ നിന്നും റാവറമണ്ണ ശിവക്ഷേത്രത്തിൽ നിന്നും ഗജവീരന്മാരുടെ അകമ്പടിയോടും മേളത്തോടും കൂടി മുതുവറ ക്ഷേത്രത്തിലേക്കുള്ള എഴുന്നള്ളത്ത് തുടങ്ങി.

മുതുവറ ക്ഷേത്ര പരിസരത്ത് സംഗമിച്ച എഴുന്നള്ളിപ്പുകൾ മഹാപൂരമായി തളിക്ഷേത്രത്തിലേക്കും അവിടെ നിന്ന് തിരുമാന്ധാംകുന്ന് ക്ഷേത്രത്തിലേക്കും പഞ്ചവാദ്യത്തോടെ എഴുന്നള്ളി. ഭക്തിയും ആവേശവും വാനോളമുയർത്തി ഭക്തജന സഹസ്രങ്ങൾ പങ്കാളികളായി. രാവിലെ ക്ഷേത്രമുറ്റത്ത് നടന്ന പഞ്ചവാദ്യത്തോടു കൂടിയ കാഴ്‌ചശീവേലി നടന്നു.

പത്താം പൂരത്തിന് പള്ളിവേട്ടയ്‌ക്ക് ശേഷം നിദ്രയിലാണ്ട ഭഗവതിയെ പള്ളിക്കുറുപ്പുണർത്തുന്ന ചടങ്ങോടെയായിരുന്നു ഇന്നലെ പൂരത്തുടക്കം. പോരൂർ ഉണ്ണിക്കൃഷ്‌ണൻ, കല്ലൂർ ഉണ്ണിക്കൃഷ്‌ണൻ എന്നിവർ ഒരുക്കിയ ഡബിൾ തായമ്പകയും മണ്ണാർക്കാട് മോഹനന്റെ തായമ്പകയും ആവേശക്കമ്പം തീർത്തു. രാത്രി നടന്ന ഉത്സവത്തിലെ അവസാന ആറാട്ട് ദർശിക്കാനും ഭക്തജനത്തിരക്കുണ്ടായിരുന്നു.

ആറാട്ട് കഴിഞ്ഞ് കൊട്ടിക്കയറി 21 പ്രദക്ഷിണത്തിനു ശേഷം 25 കലശമാടി. പുലർച്ചെ ചരിത്രവും ഐതീഹ്യവും സംഗമിച്ച മലയൻകുട്ടിയുമായുള്ള ട്രസ്‌റ്റിയുടെ കൂടിക്കാഴ്‌ചയ്‌ക്ക് ശേഷം മടങ്ങി വടക്കെ നടയിലെത്തി വെടിക്കെട്ടോടെയായിരുന്നു സമാപനം.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *