ദേശീയപാത ടോള്‍ പ്ലാസകളില്‍ വെള്ളിയാഴ്ച മുതല്‍ പണം സ്വീകരിക്കില്ല; ഇനി മുതല്‍ ഫാസ്ടാഗ് അല്ലെങ്കില്‍ യു.പി.ഐ വഴി മാത്രം

Share to


Perinthalmanna Radio
Date: 05-04-2026

ന്യുഡല്‍ഹി: ദേശീയ പാതകളിലെ ടോള്‍ പ്ലാസകളില്‍ പണം നല്‍കിയുള്ള യാത്രയ്ക്ക് അവസാനമാകുന്നു. വെള്ളിയാഴ്ച (ഏപ്രില്‍ 10) മുതല്‍ രാജ്യത്തെ ടോള്‍ പ്ലാസകളില്‍ നേരിട്ട് പണം സ്വീകരിക്കില്ലെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം അറിയിച്ചു.

ഇനി മുതല്‍ ഫാസ്ടാഗ് അല്ലെങ്കില്‍ യു.പി.ഐ വഴി മാത്രമേ ടോള്‍ അടയ്ക്കാൻ സാധിക്കൂ. തിരക്കേറിയ റൂട്ടുകളിലെ ടോള്‍ പ്ലാസകളിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുകയെന്ന ഉദ്ദേശത്തോടെയാണ് പുതിയ നീക്കം.സർക്കാർ ഉദ്യോഗസ്ഥർ, പ്രതിരോധ സേനാംഗങ്ങള്‍ തുടങ്ങിയവർ വ്യക്തിഗത ആവശ്യങ്ങള്‍ക്കായി സ്വന്തം വാഹനങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ ടോള്‍ പ്ലാസകളില്‍ ഐ.ഡി കാർഡ് കാണിച്ച്‌ സൗജന്യമായി കടന്നുപോകുന്ന രീതിക്കും ഇതോടെ അവസാനമാകും.

ടോള്‍ ഇളവ് വ്യക്തികള്‍ക്കല്ല, പദവിക്കോ അല്ലെങ്കില്‍ ആ ഓഫിസിനോ മാത്രമാണെന്ന് അധികൃതർ വ്യക്തമാക്കി. അർഹതപ്പെട്ട സർക്കാർ വാഹനങ്ങള്‍ക്ക് ‘എക്സെംപ്റ്റഡ് ഫാസ്ടാഗ്’ അല്ലെങ്കില്‍ വാർഷിക പാസ്സ് എന്നിവ എടുക്കാൻ സർക്കാർ വകുപ്പുകള്‍ക്ക് മന്ത്രാലയം നിർദ്ദേശം നല്‍കിയിട്ടുണ്ട്. ഐ.ഡി കാർഡ് ഉപയോഗിച്ച്‌ സ്വകാര്യ വാഹനങ്ങളില്‍ ടോള്‍ നല്‍കാതെ കടന്നുപോകുന്നത് നേരത്തെ തന്നെ നിയമവിരുദ്ധമായിരുന്നെങ്കിലും അത് വ്യാപകമായി അനുവദിച്ചിരുന്നു. ഈ പഴുതാണ് ഇപ്പോള്‍ അടച്ചിരിക്കുന്നത്.

സ്ഥിരമായി ഹൈവേകളില്‍ യാത്ര ചെയ്യുന്നവർക്ക് ഏറ്റവും മികച്ച ഓപ്ഷൻ ഫാസ്ടാഗ് വാർഷിക പാസ് ആണ്. ഈ മാസം ഒന്ന് മുതല്‍ ഇതിന്റെ നിരക്ക് 3,075 രൂപയായി നിശ്ചയിച്ചിട്ടുണ്ട്. ഹോള്‍സെയില്‍ പ്രൈസ് ഇൻഡക്സ് അനുസരിച്ച്‌ 2.5 ശതമാനം വർദ്ധനവാണ് ഇതില്‍ വരുത്തിയത്. ഈ പാസ് ഉപയോഗിച്ച്‌ ദേശീയപാതകളില്‍ പരിധിയില്ലാതെ യാത്ര ചെയ്യാം.

നിലവില്‍ രാജ്യത്തെ 98 ശതമാനത്തിലധികം ടോള്‍ ഇടപാടുകളും ഇലക്‌ട്രോണിക് രീതിയിലാണ് നടക്കുന്നത് എന്നതിനാല്‍, പുതിയ മാറ്റങ്ങള്‍ വലിയ പ്രതിസന്ധികള്‍ സൃഷ്ടിക്കില്ലെന്നാണ് വിലയിരുത്തല്‍. യാത്രക്കാർക്ക് വേണമെങ്കില്‍ കയ്യില്‍ പണം കരുതാമെങ്കിലും, ഹൈവേ ടോള്‍ ഗേറ്റുകള്‍ കടക്കാൻ അത് ഉപകരിക്കില്ലെന്ന് നിയമം വ്യക്തമാക്കുന്നു.

ടോള്‍ പ്ലാസകളില്‍ വാഹനങ്ങള്‍ നിർത്താതെ തന്നെ യാത്ര ചെയ്യാൻ കഴിയുന്ന മള്‍ട്ടിലെയ്ൻ ഫ്രീ ഫ്ലോ ടോളിംഗ് സംവിധാനം ദേശീയപാതകളില്‍ ഉടൻ നടപ്പാക്കാനുള്ള തയാറെടുപ്പിലാണ് ദേശീയപാതാ അതോരിറ്റി. ഈ സംവിധാനം വരുന്നതോടെ ടോള്‍ പ്ലാസകളില്‍ തടസ്സങ്ങള്‍ ഉണ്ടാകില്ല. ക്യാമറകളും ആർ.എഫ്.ഐ.ഡി – റീഡറുകളും ഉപയോഗിച്ച്‌, വേഗത്തില്‍ പോകുന്ന വാഹനങ്ങളുടെ ഫാസ്ടാഗില്‍ നിന്ന് നേരിട്ട് ടോള്‍ തുക ഈടാക്കും. ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങള്‍ക്ക് പിന്നീട് ഇനോട്ടീസ് ലഭിക്കുന്നതായിരിക്കും.

*ഫാസ്ടാഗ് ഇല്ലെങ്കില്‍ എന്ത് സംഭവിക്കും?*

* ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങള്‍ക്ക് യാത്ര നിഷേധിക്കില്ല, പകരം യു.പി.ഐവഴി പണമടയ്ക്കാം. എന്നാല്‍ സാധാരണ ടോള്‍ നിരക്കിന്റെ 1.25 ഇരട്ടി തുക നല്‍കേണ്ടി വരും.
* ഡിജിറ്റലായി പണമടയ്ക്കാൻ വിസമ്മതിക്കുന്നവർക്ക് 2008ലെ നാഷണല്‍ ഹൈവേ ഫീ റൂള്‍സിലെ ചട്ടം 14 പ്രകാരം ഹൈവേ അതോറിറ്റിക്ക് യാത്ര നിഷേധിക്കാൻ കഴിയും.
* അടയ്ക്കാത്ത ടോളിന് ഇനോട്ടീസ് നല്‍കും. മൂന്ന് ദിവസത്തിനകം തുക അടച്ചില്ലെങ്കില്‍ പിഴ ഇരട്ടിയാകും.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *