
Perinthalmanna Radio
Date: 08-04-2026
പെരിന്തൽമണ്ണ: നാളെ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടികയിൽ പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിൽ മാത്രം 7,367 കന്നി വോട്ടർമാരാണുള്ളത്. ഇതിൽ 3,717 പുരുഷന്മാരും 3,650 സ്ത്രീകളും ഉൾപ്പെടുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷമായ 38 വോട്ടുകൾക്ക് യുഡിഎഫ് വിജയിച്ച മണ്ഡലമെന്ന നിലയിൽ ഇത്തവണ പെരിന്തൽമണ്ണയിൽ പ്രവചനാതീതമായ മത്സരമാണ് നടക്കുന്നത്. അതിനാൽ തന്നെ ഈ കന്നി വോട്ടർമാരുടെ വിധി എഴുത്ത് പെരിന്തൽമണ്ണയിൽ നിർണായകമാകും.
ജില്ലയിലാകെ 1,11,463 പുതിയ വോട്ടർമാരാണ് ഇത്തവണ സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്. ഇതിൽ 56,198 പുരുഷന്മാരും 55,265 സ്ത്രീകളുമാണുള്ളത്. 8,783 കന്നി വോട്ടർമാരുള്ള മലപ്പുറം മണ്ഡലമാണ് ഈ പട്ടികയിൽ ജില്ലയിൽ മുന്നിൽ നിൽക്കുന്നത്. ഏറ്റവും കുറവ് കന്നി വോട്ടർമാരുള്ളത് തവനൂർ മണ്ഡലത്തിലാണ് (5,040 പേർ).
പെരിന്തൽമണ്ണ മണ്ഡലത്തിൽ ആകെ 2,29,525 വോട്ടർമാരാണുള്ളത്. ഇതിൽ 1,13,431 പുരുഷന്മാരും 1,16,093 സ്ത്രീകളും ഒരു ട്രാൻസ്‌ജെൻഡർ വോട്ടറും ഉൾപ്പെടുന്നു. ജില്ലയിലെ ആകെ വോട്ടർമാരുടെ എണ്ണം 36,32,210 ആണ്. 2,55,441 വോട്ടർമാരുള്ള തിരൂർ മണ്ഡലമാണ് വോട്ടർമാരുടെ എണ്ണത്തിൽ ജില്ലയിൽ ഒന്നാമത്. ഏറ്റവും കുറവ് വോട്ടർമാരുള്ളത് ഏറനാട് മണ്ഡലത്തിലാണ് (1,99,556).
പ്രവാസി വോട്ടർമാരുടെ കണക്കെടുത്താൽ പെരിന്തൽമണ്ണ മണ്ഡലത്തിൽ 1,539 പേരുണ്ട് (പുരുഷൻ 1,315, സ്ത്രീ 224). ജില്ലയിലാകെ 41,962 പ്രവാസി വോട്ടർമാരാണുള്ളത്. 9,405 പ്രവാസി വോട്ടർമാരുള്ള തിരൂർ മണ്ഡലമാണ് ഈ വിഭാഗത്തിൽ മുന്നിൽ. ജില്ലയിൽ ഏറ്റവും കുറവ് പ്രവാസി വോട്ടർമാരുള്ളത് ഏറനാട് മണ്ഡലത്തിലാണ് (782 പേർ).
മുതിർന്ന പൗരന്മാരുടെ പട്ടികയിൽ 85 വയസ്സിനു മുകളിൽ പ്രായമുള്ള 992 വോട്ടർമാരാണ് പെരിന്തൽമണ്ണയിലുള്ളത്. ഇതിൽ 384 പുരുഷന്മാരും 608 സ്ത്രീകളും ഉൾപ്പെടുന്നു. ജില്ലയിലാകെ ഈ വിഭാഗത്തിൽ 14,168 വോട്ടർമാരുണ്ട്. ഭിന്നശേഷി വിഭാഗത്തിൽ പെരിന്തൽമണ്ണ മണ്ഡലത്തിൽ 1,560 വോട്ടർമാരാണുള്ളത് (പുരുഷൻ 908, സ്ത്രീ 652). ജില്ലയിലാകെ 29,796 ഭിന്നശേഷി വോട്ടർമാരാണുള്ളത്. 2,416 ഭിന്നശേഷി വോട്ടർമാരുള്ള തിരൂർ മണ്ഡലമാണ് ഈ പട്ടികയിൽ മുന്നിട്ടുനിൽക്കുന്നത്. ഏറ്റവും കുറവ് ഭിന്നശേഷി വോട്ടർമാരുള്ളത് തിരൂരങ്ങാടി (1,202) മണ്ഡലത്തിലാണ്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
