
Perinthalmanna Radio
Date: 10-04-2026
മങ്കട: പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നജ്മ തബ്ഷീറയ്ക്കും കൂടെ ഉണ്ടായിരുന്ന ഷംസാദ് ബീഗത്തിനും എതിരെ ഉണ്ടായ അസഭ്യവർഷത്തിൽ പരാതി നൽകാനെത്തിയ യു.ഡി.എഫ് ജന പ്രതിനിധികളോട് മങ്കട സി.ഐ മോശമായി പെരുമാറിയതായി പരാതി. നിയമസഭാ തിരഞ്ഞെടുപ്പ് ദിവസം തിരൂർക്കാട് എ.എം.എച്ച്.എസ് പോളിംഗ് ബൂത്തിന് മുന്നിൽ വെച്ചുണ്ടായ സംഭവത്തിലാണ് പരാതി നൽകാൻ ഇവർ പോലീസ് സ്റ്റേഷനിലെത്തിയത്.
തിരഞ്ഞെടുപ്പ് ദിവസം രാവിലെ മുതൽ എൽ.ഡി.എഫ് – സ്വതന്ത്ര സ്ഥാനാർത്ഥി അനുഭാവികൾ ബൂത്തിന് മുന്നിൽ സംഘർഷമുണ്ടാക്കാൻ ശ്രമിച്ചതായും, വോട്ട് ചെയ്യാൻ എത്തിയപ്പോൾ തങ്ങളെ വളരെ മോശമായ ഭാഷയിൽ അധിക്ഷേപിക്കുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തതായി നജ്മ തബ്ഷീറ പറഞ്ഞു. സംഭവ ദിവസം തന്നെ പരാതി നൽകിയിരുന്നെങ്കിലും മൊഴി രേഖപ്പെടുത്താൻ എത്തിയപ്പോഴാണ് പോലീസിന്റെ ഭാഗത്തു നിന്നും മോശം അനുഭവമുണ്ടായതെന്ന് അവർ വ്യക്തമാക്കി.
പരാതി കേൾക്കാൻ സി.ഐ തയ്യാറായില്ലെന്നും മുൻ വിധിയോടെയാണ് പെരുമാറിയതെന്നും യു.ഡി.എഫ് നേതാക്കൾ ആരോപിച്ചു. ജന പ്രതിനിധികളോട് ധിക്കാരപരമായി സംസാരിച്ച സി.ഐക്കെതിരെ മേലുദ്യോഗസ്ഥർക്ക് പരാതി നൽകുമെന്നും അവർ അറിയിച്ചു. സ്ത്രീകൾ പരാതിയുമായി എത്തിയാൽ ഉടൻ നടപടി എടുക്കണമെന്ന സർക്കാർ നിർദ്ദേശം നിലനിൽക്കെ, പരാതി നൽകാനെത്തിയ തങ്ങളോട് അടുത്ത ദിവസം വരാൻ പറഞ്ഞ് മടക്കി അയക്കുകയായിരുന്നുവെന്നും ഇവർ ചൂണ്ടിക്കാട്ടി.
കുറ്റക്കാർക്കെതിരെ നടപടിയെടുക്കാനും അവരെ അറസ്റ്റ് ചെയ്യാനും പോലീസ് തയ്യാറായില്ലെങ്കിൽ അങ്ങാടിപ്പുറം പഞ്ചായത്തിലെ ജന പ്രതിനിധികളുടെയും യു.ഡി.എഫ് നേതാക്കളുടെയും നേതൃത്വത്തിൽ മങ്കട പോലീസ് സ്റ്റേഷൻ ഉപരോധിക്കുമെന്ന് ഐക്യജനാധിപത്യ മുന്നണി പഞ്ചായത്ത് കമ്മിറ്റി മുന്നറിയിപ്പ് നൽകി.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
