അങ്ങാടിപ്പുറം അൽപ്പാകുളത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ തുടങ്ങി

Share to


Perinthalmanna Radio
Date: 15-04-2026

അങ്ങാടിപ്പുറം : പെരിന്തൽമണ്ണ ബ്ലോക്ക്പഞ്ചായത്ത് പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന പദ്ധതിയിലൂടെ (പി.എം.കെ.എസ്.വൈ.) സംരക്ഷിക്കുന്ന അങ്ങാടിപ്പുറം അൽപ്പാകുളത്തിന്റെ നവീകരണപ്രവർത്തനങ്ങൾ തുടങ്ങി. വെള്ളംവറ്റിച്ച് ചേറ് നീക്കുന്ന പണിയാണ് ഇപ്പോൾ പുരോഗമിക്കുന്നത്. 55 ലക്ഷം രൂപ ചെലവിലാണ് പദ്ധതി പൂർത്തീകരണം.

കാർഷികമേഖലയെ അഭിവൃദ്ധിപ്പെടുത്തുന്നതിനായി ചെലവഴിക്കേണ്ട പദ്ധതിയിലാണ് അങ്ങാടിപ്പുറത്തെ പ്രധാന ജലാശയമായ അൽപ്പാകുളത്തിന്റെ നവീകരണം ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതോടെ വർഷങ്ങളായി മലിനമായിക്കിടക്കുന്ന ഈ ജലസ്രോതസ്സിന് ശാപമോക്ഷമാകും

വെള്ളം വറ്റിച്ച് ചെളിയും ചേറും നീക്കി ശുദ്ധീകരിച്ച് ചുറ്റുപടവുകൾ നിർമിച്ച് മനോഹരമാക്കി സംരക്ഷിക്കും. കഴിഞ്ഞ ഒക്ടോബറിൽ അന്നത്തെ ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റായിരുന്ന എം.കെ. മുസ്തഫ നവീകരണപ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചെങ്കിലും വേനൽമഴയെത്തുടർന്ന് കുളം വറ്റിക്കേണ്ട പണി നടത്താനാകാതെ നീണ്ടുപോയി. വെള്ളം ഇറങ്ങാനായി ഈ വേനൽവരെ കാത്തിരിക്കേണ്ടിവന്നു.

തിരുമാന്ധാംകുന്ന് ക്ഷേത്രത്തിന്റെ തെക്കേനടയ്ക്കു താഴെ മാമാങ്കസ്‌മാരകമായ ചാവേർത്തറയോടൊപ്പം ചേർത്തുപറയേണ്ട മറ്റൊരു മാമാങ്കസ്‌മാരകംകൂടിയാണ് അൽപ്പാകുളം. മാമാങ്കത്തിന് പുറപ്പെട്ടിരുന്ന വള്ളുവക്കോനാതിരിയുടെ ചാവേറുകൾ 41 ദിവസത്തെ ഭജനം നടത്തിയിരുന്ന സമയത്ത് അവർക്ക് കുളിക്കാനായി പണികഴിപ്പിച്ചതാണ് അൽപ്പാകുളമെന്നാണ് ചരിത്രം.

കാലപ്പഴക്കത്തിനും വിള്ളലുണ്ടാക്കാൻ കഴിയാത്ത വലിയ കരിങ്കൽകൂർപ്പും നീണ്ട കരിങ്കൽപ്പടവുകളും സമചതുരാകൃതിയിലുള്ള കുളത്തിന്റെ പ്രത്യേകതയാണ്. കടുത്ത വേനലിലും വറ്റാത്ത നീരുറവ. അൽപ്പാകുളം ഇപ്പോൾ തിരുമാന്ധാംകുന്ന് ദേവസ്വത്തിന്റെ സംരക്ഷണയിലാണ്. എല്ലാവർഷവും പൂരത്തിനു മുന്നോടിയായി ദേവസ്വം കുളം വൃത്തിയാക്കുന്ന പതിവുണ്ട്.

പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്തിന്റെ അഭിമാന പദ്ധതിയാണ് അൽപ്പാകുളം നവീകരണമെന്ന് പെരിന്തൽമണ്ണ ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് നജ്മ തബ്ഷീറ പറഞ്ഞു.
ഈ പരമ്പരാഗത ജലസ്രോതസ്സ് ശുദ്ധീകരിച്ച് സംരക്ഷിക്കാൻ കിട്ടിയ അവസരം നല്ല രീതിയിൽ ഉപയോഗപ്പെടുത്തും. തിരുമാന്ധാംകുന്ന് പൂരത്തിനിടയ്ക്ക് കുളം വറ്റിക്കുമ്പോഴുണ്ടാകുന്ന പ്രയാസം കണക്കിലെടുത്താണ് പൂരം കഴിഞ്ഞതിനു ശേഷം പണി തുടങ്ങിയത്. ഈ വേനലിൽത്തന്നെ പണി പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും സൗന്ദര്യവത്കരണത്തിനുകൂടി ആഗ്രഹമുണ്ടെങ്കിലും വെള്ളം വറ്റിച്ച് ചേറ് നീക്കാൻ തന്നെ വലിയ ചെലവ് വേണ്ടിവരും നജ്മ തബ്ഷീറ പറഞ്ഞു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *