പാചകവാതക സിലിൻഡറിൽ നിന്ന് തീപടർന്നു; ഏലംകുളത്ത് ഹോട്ടൽ കത്തിനശിച്ചു

Share to

Perinthalmanna Radio
Date: 16-11-2022

ഏലംകുളം: പാചകവാതക സിലിൻഡറിൽ നിന്ന് തീ പടർന്ന് ഹോട്ടൽ പൂർണമായും കത്തി നശിച്ചു. ചൊവ്വാഴ്ച രാവിലെ ഏഴരയോടെ, റെയിൽവേ ഗേറ്റിന് സമീപത്തെ കുന്നക്കാവ് മല്ലിശ്ശേരി മുഹമ്മദാലി നടത്തുന്ന സബ്രാസ് ഹോട്ടലാണ് കത്തി നശിച്ചത്. സിലിൻഡർ മാറ്റി ഘടിപ്പിക്കാനായി അടപ്പ് ഊരിയപ്പോൾ പാചകവാതകം പുറത്തേക്കുവരികയും സമീപത്തെ മറ്റൊരു ഗ്യാസ് അടുപ്പിൽനിന്ന് തീ പടരുകയുമായിരുന്നുവെന്നാണ് പറയുന്നത്.

പുലർച്ചെയോടെത്തന്നെ ഹോട്ടലിൽ പാചകം തുടങ്ങിയിരുന്നു. മുഹമ്മദാലിയും രണ്ട് ജീവനക്കാരുമാണ് ഹോട്ടലിലുണ്ടായിരുന്നത്. ഇരുവരുംചേർന്ന് സിലിൻഡർ പുറത്തേക്കുമാറ്റാൻ ശ്രമിച്ചെങ്കിലും തീ ആളിപ്പടർന്നതിനാൽ പിന്മാറേണ്ടിവന്നു. തുടർന്ന് പെരിന്തൽമണ്ണയിൽനിന്ന് അഗ്നിരക്ഷാസേനയെത്തിയാണ് തീയണച്ചത്. നാട്ടുകാരുടെയും അഗ്നിരക്ഷാസേനയുടെയും ഇടപെടലിലൂടെ തൊട്ടടുത്ത മൊബൈൽ ഷോപ്പ്, എ.ടി.എം. കൗണ്ടർ, കർട്ടൻ സെന്റർ എന്നീ സ്ഥാപനങ്ങളിലേക്ക് തീ പടരുന്നത് തടയാനായി.

റഫ്രിജറേറ്റർ, ഫർണിച്ചറുകൾ, വൈദ്യുതോപകരണങ്ങൾ തുടങ്ങിയവയും ഇന്റീരിയർ ഫാബ്രിക്കേഷനും പൂർണമായി നശിച്ചു. ഏകദേശം അഞ്ചുലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി ഹോട്ടലുടമ പറഞ്ഞു. പെരിന്തൽമണ്ണ അഗ്നിരക്ഷാനിലയം അസി. സ്റ്റേഷൻ ഓഫീസർ കെ.ബി. ജോസ്, ഫയർ ഓഫീസർമാരായ രമേഷ്, നിഷാദ്, സഫീർ, സുജിത്ത്, ഉമ്മർ, ഹോംഗാർഡ് വി. ബാബുരാജ് എന്നിവരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.

Share to

Leave a Reply

Your email address will not be published. Required fields are marked *