തിരുമാന്ധാംകുന്ന് ക്ഷേത്രത്തിൽ കളംപാട്ട് കൂറയിടൽ വ്യാഴാഴ്ച

Share to

Perinthalmanna Radio
Date: 16-11-2022

അങ്ങാടിപ്പുറം: തിരുമാന്ധാംകുന്ന് ഭഗവതീ ക്ഷേത്രത്തിൽ കളംപാട്ട് മഹോത്സവം വ്യാഴാഴ്ച കൂറയിടും. വൃശ്ചികം ഒന്നിനാണ് ചടങ്ങ്. രാവിലെ 9.30-ന് പന്തീരടി പൂജയ്ക്കു ശേഷം പാട്ടു കൊട്ടിലിലാണ് കൂറയിടൽ നടക്കുക. നാക്കിലയിൽ ചുരുട്ടി വെക്കുന്ന പാട്ടുകൂറ ക്ഷേത്രം കാവുടയ നായർ ട്രസ്റ്റിക്ക് കൈമാറുകയും ട്രസ്റ്റി കളംപാട്ട് നടത്തിപ്പുകാരായ കുറുപ്പന്മാർക്ക്‌ നൽകുകയുംചെയ്യും. കുറുപ്പന്മാർ ‘കളംപാട്ട് കൂറയിടുകയല്ലേ’ എന്ന് ചോദിച്ച് സമ്മതം വാങ്ങിയശേഷം പുതിയ കൂറ പാട്ടുകൊട്ടിലിന് മീതെ വിതാനിക്കുകയും പഴയത് വലിച്ചു മാറ്റുകയും ചെയ്യുന്നതാണ് ചടങ്ങ്.

രാത്രി എട്ടിന് അത്താഴപ്പൂജയ്ക്കുശേഷം ഈ വർഷത്തെ ആദ്യ കളംപൂജയും കളംപാട്ടും നടക്കും. അഞ്ചു മാസത്തോളം നീളുന്ന കളംപാട്ടാഘോഷത്തിന്റെ തുടക്കമാണ് പാട്ട് കൂറയിടൽ. ഈ വർഷം 141 കളംപാട്ടുകളുണ്ട്. ആദ്യകളംപാട്ട് ദേവസ്വം വകയാണ്. തുടർന്ന് മണ്ഡലകാലം മുഴുവൻ മുൻകൂർ നിശ്ചയിക്കപ്പെട്ട കുടുംബങ്ങളാണ് നടത്തി വരാറുള്ളത്. പിന്നീടുള്ളത് ഭക്തർക്ക് വഴിപാടായി ശീട്ടാക്കാം. പത്ത് വർഷത്തേക്ക് കളംപാട്ടിനുള്ള അപേക്ഷ ഇതിനകം ദേവസ്വത്തിന് ലഭിച്ചിട്ടുണ്ട്. മീന മാസത്തിലെ മകീര്യത്തിന് തുടങ്ങുന്ന പൂരാഘോഷത്തിന്റെ പത്താം പൂര ദിവസമാണ് അവസാന കളംപാട്ട്.

Share to

Leave a Reply

Your email address will not be published. Required fields are marked *