
Perinthalmanna Radio
Date: 15-05-2026
തിരുവനന്തപുരം∙ മുഖ്യമന്ത്രിയുടെ യാത്ര ജനങ്ങള്‍ക്കു ബുദ്ധിമുട്ടാകരുതെന്നു നിര്‍ദേശിച്ച് നിയുക്ത മുഖ്യമന്ത്രി
വി.ഡി.സതീശന്. പൈലറ്റും എസ്കോര്‍ട്ടും ഒഴികെ മറ്റ് അകമ്പടി വാഹനങ്ങള്‍ വേണ്ടെന്നാണ് നിര്‍ദേശം. യാത്ര പോകുമ്പോള്‍ നാട്ടുകാരെ ബുദ്ധിമുട്ടിക്കരുതെന്നും റോഡ് ബ്ലോക്ക് ചെയ്യരുതെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിയുക്ത മുഖ്യമന്ത്രി നിര്‍ദേശം നല്കി. എസ്കോര്‍ട്ടും വേണ്ടെന്നായിരുന്നു നിലപാട്. എന്നാല്‍ അത് നിര്‍ബന്ധമാണെന്നു പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. മുന്‍ മുഖ്യമന്ത്രി പിണറായി വിജയന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ റോഡ് തടസപ്പെടുത്തി കടന്നു പോകുന്നതു വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് സതീശന്റെ ശൈലീമാറ്റം.
മുഖ്യമന്ത്രിയുടെ സുരക്ഷാവ്യൂഹത്തില്‍ അഡ്വാന്‍സ് പൈലറ്റ്, പൈലറ്റ്, എസ്കോര്‍ട്ട് 1, എസ്കോര്‍ട്ട് 2, ആംബുലന്‍സ്, സ്പെയര്‍ വാഹനം, സ്ട്രൈക്കര്‍ ഫോഴ്സ് എന്നിവയാണുള്ളത്. സുരക്ഷാ റിപ്പോര്‍ട്ടും ഔദ്യോഗിക പരിപാടികളും അനുസരിച്ച് വാഹനങ്ങളിലും സുരക്ഷയിലും വ്യത്യാസമുണ്ടാകും. എസ്കോര്‍ട്ട് വാഹനങ്ങളില്‍ പരിശീലനം ലഭിച്ച ആയുധാരികളായ കമാന്‍ഡോകളുണ്ടാകും. പൈലറ്റ് വാഹനങ്ങളില്‍ സിഐ റാങ്കിലുള്ള ഉദ്യോഗസ്ഥനു കീഴില്‍ പൊലീസുകാര്‍. പ്രതിഷേധമുണ്ടാകുമ്പോള്‍ 25 അംഗ ദ്രുതകര്‍മസേനയും അനുഗമിക്കും.
മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തില്‍ സാഹചര്യം കണക്കിലെടുത്ത് 50 ഉദ്യോഗസ്ഥര്‍ വരെയുണ്ടാകും. തലസ്ഥാനത്തിനു പുറത്തേക്ക് പോകുമ്പോള്‍ ഓരോ സ്ഥലത്തെയും സിഐയുടെ നേതൃത്വത്തില്‍ മുന്‍കൂറായി റോഡ് ക്ലിയര്‍ ചെയ്യും. ഡിവൈഎസ്പിക്കായിരിക്കും മേല്‍നോട്ടം. ജില്ലകളിലെ പരിപാടികളുടെ സുരക്ഷാ ചുമതല എസ്പിക്കാണ്. മുഖ്യമന്ത്രി പോകുന്ന വഴിയില്‍ 100 മീറ്റര്‍ അകലത്തില്‍ പൊലീസിനെ വിന്യസിക്കും. ഇടറോഡുകളില്‍നിന്നുള്ള ഗതാഗതം നയന്ത്രിക്കും. വേദിയും പരിസരവും മണിക്കൂറുകള്‍ക്ക് മുന്‍പ് പൊലീസ് നിയന്ത്രണത്തിലാകും. ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും അഗ്നിശമനസേനയും സ്ഥലത്തുണ്ടാകും. മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കുമാണ് സംസ്ഥാനത്ത് സെഡ് പ്ലസ് സുരക്ഷയുള്ളത്.
ഇതേത്തുടര്‍ന്ന്, മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ജനങ്ങളോടു മാന്യമായി പെരുമാറണമെന്ന് എഡിജിപി നിര്‍ദേശം നല്കി. സുരക്ഷയുടെ പേരില്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കരുത്. മുഖ്യമന്ത്രി വരും മുന്‍പ് ഗതാഗതം തടയരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
