ജില്ലാ ആശുപത്രി വികസനം; പ്രത്യേക യോഗം വിളിച്ച് എംഎൽഎ

Share to


Perinthalmanna Radio
Date: 27-05-2026

പെരിന്തൽമണ്ണ ∙ ജില്ലാ ആശുപത്രിയിലെ അടിസ്ഥാന സൗകര്യ വികസനവും ജീവനക്കാരുടെ കുറവും സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനായി നജീബ് കാന്തപുരം എംഎൽഎയുടെ അധ്യക്ഷതയിൽ പ്രത്യേക യോഗം ചേർന്നു. ആശുപത്രിയിലെ വിവിധ തസ്തികകളിലേക്കുള്ള ജീവനക്കാരുടെ നിയമനം, പുതിയ ചികിത്സാ വിഭാഗങ്ങളുടെ പ്രവർത്തനം, കെട്ടിട നവീകരണം, അടിസ്ഥാന സൗകര്യ വികസനം, എന്നിവ യോഗത്തിൽ പ്രധാന ചർച്ചയായി.

ആശുപത്രിയിലെ ജനറൽ ഒപി, പ്രതിരോധ കുത്തിവയ്പ്, പാലിയേറ്റീവ് കെയർ, അത്യാഹിത വിഭാഗം, സ്പെഷ്യൽറ്റി വിഭാഗങ്ങളിൽ ഡോക്ടർമാരുടെ കുറവ് ഉള്ളതായി ആശുപത്രി അധികൃതർ അറിയിച്ചു. ആശുപത്രിയുടെ സുഗമമായ പ്രവർത്തനത്തിന് 4 അസിസ്റ്റന്റ് സർജൻ തസ്തികകളും ഒരു ഫൊറൻസിക് സർജൻ തസ്തികയും പുതുതായി സൃഷ്ടിക്കാൻ സർക്കാരിനു നിർദേശം സമർപ്പിക്കാൻ യോഗം തീരുമാനിച്ചു.

അത്യാഹിത വിഭാഗത്തിലെ തിരക്ക് കുറയ്ക്കുന്നതിന് ഈവനിങ് ഒപി ആരംഭിക്കുന്ന കാര്യം പരിശോധിക്കും. ഇതിന് ആവശ്യമായ ഡോക്ടർമാരുടെ സേവനം തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഉറപ്പാക്കും. നാഷനൽ ഹെൽത്ത് മിഷൻ വഴി കുട്ടികളുടെ ഡോക്ടറെയും അനസ്‌തെറ്റിസ്റ്റിനെയും കാഷ്വൽറ്റി മെഡിക്കൽ ഓഫിസറെയും ലഭ്യമാക്കും. ജൂൺ ഒന്നുമുതൽ എൻഎച്ച്എം മുഖേന 2 ഡോക്ടർമാരെ ജില്ലാ ആശുപത്രിയിൽ നിയമിക്കും. ഇക്കാര്യം ജില്ലാ കോഓർഡിനേറ്റർ യോഗത്തിൽ ഉറപ്പുനൽകി.

ആശുപത്രിയിൽ പുതുതായി സജ്ജീകരിച്ചിട്ടുള്ള ഐസിയു, സ്ട്രോക്ക് യൂണിറ്റ്, ജെറിയാട്രിക് വാർഡ് എന്നിവയുടെ പ്രവർത്തനത്തിനായി സ്റ്റാഫ് നഴ്‌സുമാരെയും നഴ്സിങ് അസിസ്റ്റന്റുമാരെയും അടിയന്തരമായി നിയമിക്കുന്നതിന് നടപടി സ്വീകരിക്കും. ഇതിൽ സ്ട്രോക്ക് യൂണിറ്റിലേക്കുള്ള ഒരു നഴ്സിങ് തസ്തിക ഇതിനകം എൻഎച്ച്എം അനുവദിച്ചിട്ടുണ്ട്.

യോഗത്തിൽ ആശുപത്രി സൂപ്രണ്ട് ഡോ. ഷീന ലാൽ, ആർഎംഒ ഡോ. ദീപക് കെ.വ്യാസ്, ഡിപിഎം.ഡോ. അനൂപ്, ഡോ. എ.കെ.റഊഫ്, മാനുപ്പ കുറ്റീരി തുടങ്ങിയവർ പങ്കെടുത്തു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *