Perinthalmanna Radio
Date: 21-11-2022
വിദേശത്ത് നിന്ന് വരുന്നവര്‍ക്കുളള എയര്‍ സുവിധ റജിസ്ട്രേഷന്‍ കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കി. കോവിഡ് കാലത്ത് വിദേശങ്ങളില്‍ നിന്ന് വരുന്നവരുടെ വിവര ശേഖരണത്തിന് വേണ്ടിയാണ് എയര്‍ സുവിധ റജിസ്ട്രേഷന്‍ ഏര്‍പ്പെടുത്തിയിരുന്നത്. ഇതടക്കം വിദേശ യാത്രക്കാര്‍ക്കുളള മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പരിഷ്കരിച്ചു.
സുഗമമായ യാത്രയ്ക്ക് തടസ്സമാകുകയും സാങ്കേതിക ചടങ്ങെന്നതിൽ കവിഞ്ഞ് നിലവിൽ ഇതുകൊണ്ട് യാതൊരു ഉപയോഗവും ഇല്ലെന്ന് കണ്ടെത്തിയതോടെയാണ് കേന്ദ്രം യാത്രക്കാരുടെ മാർഗ നിർദേശം പുതുക്കിയത്. പുതിയ തീരുമാനം അർധരാത്രി മുതൽ നിലവിൽ വരും.‘രാജ്യത്ത് കോവിഡ് കേസുകൾ ഗണ്യമായി കുറയുകയാണ്. ആഗോള തലത്തിലും ഇന്ത്യയിലും വാക്സിനേഷൻ കൈവരിച്ച സാഹചര്യത്തിൽ സ്വയം സാക്ഷ്യപ്പെടുത്തിയ അപേക്ഷകൾ ആവശ്യമില്ല.– വ്യോമയാന മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. കോവിഡ് കാലത്ത് യാത്രക്കാരെ ട്രാക്ക് ചെയ്യാനും കോവിഡ് വ്യാപനം നിയന്ത്രിക്കുവാനും വേണ്ടിയാണ് കേന്ദ്ര സർക്കാർ എയർ സുവിധ പോർട്ടൽ നടപ്പിലാക്കിയത്.