കരിപ്പൂർ വിമാനത്താവള വികസനം; ഭൂമി ഏറ്റെടുക്കൽ നടപടി തുടങ്ങി

Share to

Perinthalmanna Radio
Date: 25-12-2022

കരിപ്പൂർ: കോഴിക്കോട് അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ വികസനവുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുക്കൽ നടപടികൾക്ക് തുടക്കമായി. റൺവേ വികസനത്തിനും റൺവേ എൻഡ് സേഫ്റ്റി ഏരിയ (ആർ.ഇ.എസ്.എ.) വർധിപ്പിക്കാനുമായി 14.5 ഏക്കർ ഭൂമിയാണ് ഏറ്റെടുക്കുന്നത്. ഇതിന്റെ അതിർത്തി അടയാളപ്പെടുത്തുന്ന പ്രവൃത്തിയാണ് തുടങ്ങിയത്.

നിലവിലെ റൺവേയുടെ പടിഞ്ഞാറ് പള്ളിക്കൽ വില്ലേജിൽ ഉൾപ്പെടുന്ന ഏേഴക്കറും കിഴക്ക് നെടിയിരുപ്പ് വില്ലേജിലെ 7.5 ഏക്കറുമാണ് ഏറ്റെടുക്കുന്നത്. ഭൂമി ഏറ്റെടുക്കുന്നതിന് സർക്കാർ 74 കോടി രൂപ അനുവദിച്ചിട്ടുണ്ട്.

ആർ.എഫ്.സി.ടി.എൽ.എ.ആർ.ആർ. ആക്ട് 2013 അനുസരിച്ചാണ് ഭൂമി ഏറ്റെടുക്കൽ നടക്കുന്നത്. മെച്ചപ്പെട്ട നഷ്ടപരിഹാരത്തിനു പുറമെ പുനരധിവാസവും പുനഃസ്ഥാപനവും ഉറപ്പുവരുത്തുന്നതാണ് നിയമം. നഷ്ടപ്പെടുന്ന ഭൂമിക്ക് വിപണിവിലയുടെ ഇരട്ടി തുകയും കെട്ടിടങ്ങൾക്ക് കെട്ടിടവിലയുടെ ഇരട്ടിയും നഷ്ടപരിഹാരമായി നൽകും. മരങ്ങൾക്കും നഷ്‌ടപരിഹാരം നൽകും. ഇതിനുപുറമെ പുനരധിവാസത്തിനും പുനഃസ്ഥാപനത്തിനുമായി വീട്ടിൽനിന്ന് കുടിയിറക്കപ്പെടുന്നവർക്ക് ഒറ്റത്തവണ ധനസഹായമായി മൂന്നുലക്ഷം രൂപ, കുടിയിറക്കപ്പെടുന്ന കുടുംബത്തിന് ഉപജീവനസഹായമായി ഒരു വർഷത്തേക്ക് പ്രതിമാസം 5000 രൂപ, കുടിയിറക്കപ്പെടുന്ന കുടുംബത്തിന് ഗതാഗതച്ചെലവായി 50,000 രൂപ, ഒറ്റത്തവണ അലവൻസായി 50,000 രൂപ എന്നിങ്ങനെ ലഭിക്കും. ഇതിനുപുറമെ കന്നുകാലിത്തൊഴുത്ത് പോലുള്ളവയ്ക്ക് 50,000 രൂപ, പൊളിച്ചുനീക്കുന്ന വ്യാപാരസ്ഥാപനങ്ങളിൽ മൂന്നുവർഷം തുടർച്ചയായി ജോലിചെയ്യുന്ന തൊഴിലാളികൾക്ക് പ്രതിമാസം 6000 രൂപ നിരക്കിൽ ആറുമാസത്തേക്ക് എന്നിങ്ങനെയും നൽകും.

സംസ്ഥാന സർക്കാർ ആറു മാസത്തിനകം ഏറ്റെടുക്കൽ പൂർത്തിയാക്കി ഭൂമി സിവിൽ ഏവിയേഷൻ മന്ത്രാലയത്തിനു കൈമാറും. ഭൂമി ഏറ്റെടുക്കുന്നതിന് റവന്യൂവകുപ്പിന് നൽകേണ്ടുന്ന അഞ്ചുശതമാനം കണ്ടിജൻസി ചാർജ് സംസ്ഥാന സർക്കാർ ഒഴിവാക്കിയിട്ടുണ്ട്. ഭൂമി ഏറ്റെുക്കുന്നതുമായി ബന്ധപ്പെട്ട് ശനിയാഴ്‌ച മന്ത്രി വി. അബ്ദുറഹ്‌മാന്റെ നേതൃത്വത്തിൽ വിമാനത്താവളത്തിൽ ചർച്ച നടന്നു. എം.പി. അബ്ദുസ്സമദ് സമാദാനി എം.പി, എം.എൽ.എ.മാരായ പി. അബ്ദുൽഹമീദ്, ടി.വി. ഇബ്രാഹിം, കളക്ടർ വി.ആർ. പ്രേംകുമാർ, ജില്ലാ പഞ്ചായത്തംഗം പി.കെ.സി. അബ്ദുറഹ്‌മാൻ, കൊണ്ടോട്ടി നഗരസഭാ ചെയർപേഴ്‌സൺ സി.ടി. ഫാത്തിമത്ത് സുഹറ, വിമാനത്താവള ഡയറക്ടർ എസ്. സുരേഷ്, കൊണ്ടോട്ടി എ.എസ്.പി. വിജയ് ഭാരത് റെഡ്ഢി, കൊണ്ടോട്ടി ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ഷെജിനി ഉണ്ണി, പള്ളിക്കൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ചെമ്പൻ മുഹമ്മദാലി, ഡെപ്യൂട്ടി കളക്ടർ കെ. ലത, കെ. ബിന്ദു, കെ.പി. സൽമാൻ, ഭൂമി ഏറ്റെടുക്കൽ (എയർപോർട്ട്) വിഭാഗം ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.

പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/BYcevSuLs0dH5STbBgvWwr

®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *